ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം ബഹറിന്‍ സന്ദര്‍ശിക്കും. ബഹറിന്‍ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം രാജ്യത്തെ ഇന്ത്യന്‍ പ്രവാസി സമൂഹത്തെയും അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം സ്ഥിരീകരിച്ച് ബഹറിനിലെ ഇന്ത്യന്‍ എംബസിയാണ് വിവരം പുറത്തു വിട്ടത്.
ബഹറിന്‍ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം രാജ്യത്തെ പ്രവാസി ഇന്ത്യക്കാരെയും അഭിസംബോധന ചെയ്ത് സംസാരിക്കും. പ്രധാനമന്ത്രിക്കായി ഒരുക്കുന്ന സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാനുള്ള രജിസ്ട്രേഷന് വേണ്ടി പ്രത്യേക വെബ്സൈറ്റും സജ്ജമാക്കിയിട്ടുണ്ട്. ബഹറിനിലേക്കുള്ള മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്. ഈ മാസം 24 മുതല്‍ 26 വരെ ഫ്രാന്‍സില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. ഈ യാത്രയുടെ ഭാഗമായാവും ബഹറിനില്‍ അദ്ദേഹം എത്തുക എന്നാണ് റിപ്പോര്‍ട്ട്.
അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപ സര്‍വ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബി സായിദ് അല്‍ നഹ്യാന് ഇക്കഴിഞ്ഞ ഏപ്രിലിലാണ് നരേന്ദ്ര മോദിക്ക് സായിദ് മെഡല്‍ ബഹുമതി നല്കുന്നു എന്ന് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി മുന്‍പ് രണ്ടു തവണ യുഎഇ സന്ദര്‍ശിച്ചിട്ടുണ്ട്.