ന്യൂഡല്‍ഹി: മുത്വലാഖ് നിരോധിച്ചതിലൂടെ ചരിത്രപരമായ തെറ്റാണ് സര്‍ക്കാര്‍ തിരുത്തിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുത്വലാഖ് ദുരാചാരമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. മുത്വലാഖ് ബില്ല് കൊണ്ട് വന്നത് മുസ്ലീം സ്ത്രീകളുടെ നന്മയ്ക്കാണ്. ബില്ലിലൂടെ ഗുണം ലഭിക്കുന്നത് മുസ്ലീം ജനതയ്ക്കാണെന്നും അമിത് ഷാ പറഞ്ഞു.
ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ബില്ലിനെതിരെ രംഗത്ത് വന്നിരുന്നു. മുത്വലാഖ് അവസാനിപ്പിക്കേണ്ട ദുരാചാരമാണെന്ന് ഇതിനെതിരെ രംഗത്തു വന്നവര്‍ക്കും അറിയാം. പക്ഷെ അത് തുറന്ന് പറയാനുള്ള ധൈര്യം അവര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടി മുത്വലാഖിനോട് അനുകൂല മനോഭാവമാണ് വെച്ചു പുലര്‍ത്തുന്നത്.1985 ഏപ്രില്‍ 23 സുപ്രീം കോടതി മുത്വലാഖ് നിരോധിച്ച് കൊണ്ട് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ വോട്ടിനുവേണ്ടി വിധി നടപ്പിലാക്കാന്‍ വിസമ്മതിക്കുകയായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വോട്ടു ബാങ്ക് രാഷ്ട്രീയത്തിലൂടെ നിരവധി നഷ്ടങ്ങള്‍ രാജ്യത്തിന് ഉണ്ടായിട്ടുണ്ട്. മുത്വലാഖ് ഇതിന് ഉദാഹരണമാണ്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് മുത്വലാഖ് ഇത്രനാള്‍ രാജ്യത്ത് നിലനില്ക്കാന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു