ലണ്ടന്‍: ബ്രിട്ടന് മോചിപ്പിച്ച ഇറാന് എണ്ണക്കപ്പല്‍ തിരിച്ചുപിടിച്ചെടുക്കാനുള്ള യുഎസ് കോടതി ഉത്തരവ് ജിബ്രാള്‍ട്ടര്‍ ഭരണകൂടം തള്ളി. യുഎസ് ഉപരോധം യൂറോപ്യന്‍ യൂണിയനു ബാധകമല്ലെന്നു ജിബ്രാള്‍ട്ടര്‍ അറിയിച്ചു.
ജിബ്രാള്‍ട്ടര്‍ കോടതിയുടെ മോചന വ്യവസ്ഥ പ്രകാരം കപ്പലിന്റെ ഗ്രേസ് 1 എന്ന പേര് ആഡ്രിയന് ഡാരിയ എന്നുമാറ്റി. കപ്പലില്‍ സ്ഥാപിച്ചിരുന്ന പനാമയുടെ പതാക താഴ്ത്തി പകരം ഇറാന്റെ പതാക ഉയര്‍ത്തി. 14 ഇന്ത്യക്കാരുള്‍പ്പെടെ 24 ജീവനക്കാരുമായി കപ്പല്‍ ജിബ്രാള്‍ട്ടര്‍ തീരത്തു നിന്നു നീക്കിത്തുടങ്ങി.
കപ്പല്‍ ഇറാന് വിട്ടുകൊടുക്കാതിരിക്കാന്‍ യുഎസ് നേരത്തെ ശ്രമം തുടര്‍ന്നിരുന്നു. കപ്പല്‍ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യവുമായി യുഎസ് ജിബ്രാള്‍ട്ടര്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജിബ്രാള്‍ട്ടര്‍ കോടതി തളളിയതോടെ വാഷിങ്ടന്‍ ഡിസിയിലെ ഡിസ്ട്രിക്ട് കോടതിയെ സമീപിക്കുകയായിരുന്നു യുഎസ്. തുടര്‍ന്ന് എണ്ണയും പത്തു ലക്ഷത്തോളം യുഎസ് ഡോളറും സഹിതം കപ്പല്‍ പിടിച്ചെടുക്കാന്‍ വെള്ളിയാഴ്ച കോടതി ഉത്തരവിട്ടു. എന്നാല്‍ കോടതി ഉത്തരവിനെ ജിബ്രാള്‍ട്ടര്‍ ഭരണകൂടം തള്ളുകയായിരുന്നു.
യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ചിരിക്കുന്ന റവല്യൂഷനറി ഗാര്‍ഡുമായി കപ്പലിനു ബന്ധമുണ്ടെന്നാണ് യുഎസിന്റെ ആരോപണം. ഇറാന് സൈന്യമാണ് റവല്യൂഷനറി ഗാര്‍ഡ്. ഇറാന് കപ്പിലിലെ ജീവനക്കാരുടെ വീസ നിഷേധിക്കുമെന്നും യുഎസ് അറിയിച്ചിരുന്നു.
സിറിയയിലേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുപോകുകയാണെന്ന് ആരോപിച്ച് ജൂലൈ നാലിനാണ് ബ്രിട്ടിഷ് സൈന്യം പിടിച്ചെടുത്തത്.