തിരുവനന്തപുരം: ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപിന്റെ നടത്തിപ്പില്‍ നിന്ന് റിലയന്‍സിനെ ഒഴിവാക്കും. പദ്ധതിക്കായി വീണ്ടും ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് മെഡിസെപ്.
പദ്ധതി പ്രകാരം ആശുപത്രികള്‍ ആവശ്യപ്പെട്ടാല്‍ കരാറില്‍ രേഖപ്പെടുത്തിയ ഫീസിന്റെ 25 ശതമാനം ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ റിലയന്‍സ് ഈ വ്യവസ്ഥ അംഗീകരിച്ചില്ല. ചികിത്സാസൗകര്യമുള്ള ആശുപത്രികളെ ഉള്‍പ്പെടുത്താനും കമ്പനി തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഗുണഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുന്ന വ്യവസ്ഥകള്‍ അംഗീകരിക്കാത്തതിനാല്‍ റിലയന്‍സിനെ ഒഴിവാക്കാന്‍ തീരുമാനിച്ചതായി് ധനവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
റിലയന്‍സിനെ ഒഴിവാക്കാനും പുതിയ ടെന്‍ഡര്‍ വിളിക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഇനി പുതിയ ടെന്‍ഡര്‍ വിളിച്ചാല്‍ പദ്ധതി നടപ്പാക്കാന്‍ മൂന്നുമാസത്തോളം വൈകാന്‍ സാധ്യതയുണ്ട്.
ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് എതിരെ വ്യാപകവിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ചികിത്സാഫീസ് നിരക്ക് കുറവായതിനാല്‍ പ്രമുഖ സ്വകാര്യ ആശുപത്രികളെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. ഉള്‍പ്പെടുത്തിയ ഭൂരിഭാഗം ആശുപത്രികളിലും സ്പെഷ്യാലിറ്റി ചികിത്സയുമില്ല. തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍ക്കാരുടെയും സംഘടനകള്‍ ഇതിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.