മാനന്തവാടി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് പിന്തുണ നല്കിയ സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടതായി പരാതി. പൊലീസെത്തിയാണ് സിസ്റ്റര്‍ ലിസിയെ മോചിപ്പിച്ചത്. സംഭവത്തില്‍ കേസ് എടുക്കുമെന്ന് വെള്ളമുണ്ട പൊലീസ് അറിയിച്ചു.
കുര്‍ബാനയ്ക്ക് പോകുന്നത് തടയാനാണ് പൂട്ടിയിട്ടതെന്ന് സിസ്റ്റര്‍ ലൂസി ആരോപിച്ചു. കാരയ്ക്കാമല മഠത്തിലാണ് സിസ്റ്റര്‍ ലൂസി താമസിക്കുന്നത്. മഠത്തിനോട് ചേര്‍ന്നുള്ള പള്ളിയിലാണ് കുര്‍ബാനയ്ക്ക് പോകുന്നത്. രാവിലെ ആറരയോടെയാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നുവെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
സിസ്റ്റര്‍ ലൂസി എത്രയും വേഗം മഠംവിട്ടുപോകണമെന്ന് സന്യാസസഭ നേരത്തെ നിര്‍ദേശിച്ചിരുന്നു. മകളെ കൂട്ടിക്കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് സഭ അമ്മയ്ക്ക് കത്ത് നല്‍കിയിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് സിസ്റ്ററിനെ എഫ്.സി.സി സന്യാസസഭ പുറത്താക്കിയിരുന്നു. മുന്നറിയിപ്പു നല്‍കിയിട്ടും എഫ്സിസി സന്ന്യാസസഭയുടെ നിയമങ്ങള്‍ പാലിക്കാത്ത വിധമുള്ള ജീവിതശൈലി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
എന്നാല്‍, അങ്ങനെ ഇറങ്ങി പോകില്ലെന്നും സഭയില്‍ നിന്ന് പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടുമെന്നായിരുന്നു സിസ്റ്റര്‍ ലൂസിയുടെ പ്രതികരണം.