ക്വാലലംപൂര്: കള്ളപ്പണം വെളുപ്പിക്കല്‍, മതവിദ്വേഷം പ്രചരിപ്പിക്കല്‍ എന്നിങ്ങനെ നിരവധി കേസുകളില്‍ പ്രതിയും കടുത്ത മതതീവ്രവാദിയുമായ സാക്കിര്‍ നായിക്കിന് മലേഷ്യന്‍ സംസ്ഥാനമായ മേലകയിലും വിലക്ക്. ഇതോടെ അദ്ദേഹത്തിന്റെ മതപരമായ പ്രസംഗങ്ങള്‍ക്ക് വിലക്കര്പ്പെടുത്തുന്ന ഏഴാമത്തെ മലേഷ്യന്‍ സംസ്ഥാനമായിരിക്കുകയാണ് മേലക.
വംശീയബന്ധങ്ങളെ തകര്‍ക്കാന്‍ സാധ്യതയുള്ള ഒരു വികസനത്തിനും താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ മേലകയില് ചര്‍ച്ചകളോ സമ്മേളനങ്ങളോ നടത്താന്‍ സക്കീറിനെ അനുവദിക്കില്ലെന്നും മേലക മുഖ്യമന്ത്രി അട്ലി സഹാരി വ്യക്തമാക്കി.
മലേഷ്യയിലെ ജോഹോര്‍, സെലങ്കൂര്‍, പെനാംഗ്, കേഡ,പെര്‍ലിസ്, സരാവക് എന്നീ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ സാക്കിറിന്റെ പ്രസംഗങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഹിന്ദുക്കള്‍ക്കും മലേഷ്യയില്‍ താമസിക്കുന്ന ചൈനീസ് വംശജര്‍ക്കുമെതിരെ സാക്കിര്‍ വംശീയാധിക്ഷേപം നടത്തുന്നതിനെതിരെ വ്യാപകപ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്.
മലേഷ്യയിലെ ഹിന്ദുക്കള്‍ക്ക് ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷത്തേക്കാള്‍ 100 മടങ്ങ് കൂടുതല്‍ അവകാശങ്ങളുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സാക്കിര്‍ നായിക്കിനെതിരെ നടപടിയെടുത്തിരുന്നു. നേരത്തെ നായിക്കിനെതിരെ രൂക്ഷവിമര്‍ശനവുമായി മലേഷ്യന്‍ മാനവവിഭവശേഷി വികസനവകുപ്പ് മന്ത്രി കുലസേഖരനനും രംഗത്തെത്തിയിരിന്നു. സാക്കിര്‍ നായിക് മലേഷ്യന്‍ ഹിന്ദുക്കളെ അപകീര്‍ത്തിപ്പെടുത്തും വിധം സംസാരിക്കുകയും മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു.
മലേഷ്യയിലെ ഹിന്ദുക്കള്‍ക്ക് ഡോ. മഹാതീര്‍ മുഹമ്മദിനോടല്ല മറിച്ച് നരേന്ദ്ര മോദിയോടാണ് വിധേയത്വമെന്ന് പ്രസംഗിച്ചത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിഷയം വിവാദമായത്.വംശീയാധിഷ്ഠിതമായ പ്രസ്താവനകള്‍ നടത്തിയതിനും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും സാക്കിര്‍ നായിക്കിനെയും മറ്റ് നിരവധി വ്യക്തികളെയും ഗ്രൂപ്പുകളെയും ചോദ്യം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.