ന്യൂഡല്‍ഹി: ഉന്നാവോ പീഡനക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയ്ക്ക് വാഹനാപകടം ഉണ്ടായ സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സിബിഐയ്ക്ക് രണ്ടാഴ്ചകൂടി സുപ്രീംകോടതി സമയം അനുവദിച്ചു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയുടെയും അഭിഭാഷകന്റെയും ആരോഗ്യസ്ഥിതി മെച്ചപ്പെടാത്തതിനാല്‍ കേസന്വേഷണം പൂര്‍ത്തിയാക്കാന്‍ നാലാഴ്ചത്തെ സമയമാണ് സിബിഐ ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ രണ്ടാഴ്ചത്തെ സമയം മാത്രമേ കോടതി അധികമായി അനുവദിച്ചുള്ളൂ. ഇതോടൊപ്പം പെണ്‍കുട്ടിയുടെ അഭിഭാഷകന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ആവശ്യപ്പെട്ടു.
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ മൊഴി രേഖപ്പെടുത്താന്‍ സാധിച്ചില്ലയെന്നും, സംസാരിക്കാന്‍ പറ്റിയ അവസ്ഥയിലല്ല പെണ്‍കുട്ടി എന്നതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നുമാണ് സിബിഐ കോടതിയെ അറിയിച്ചത്.എന്നാല്‍ രണ്ടാഴ്ചത്തെ സമയം മാത്രമേ കോടതി അനുവദിച്ചൂള്ളൂ.
കഴിഞ്ഞമാസമാണ് പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ തല്‍ക്ഷണം മരിച്ചിരുന്നു.