വയനാട് : മഴ കനത്ത നാശം വിതച്ച പുത്തുമലയില്‍ നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം 12 ആയി. ഇനി അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തണം. പുത്തുമലയില്‍ കാലാവസ്ഥാ അനുകൂലമായതോടെ തെരച്ചില്‍ ശക്തമാക്കിയിരുന്നു. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.
അതേസമയം പ്രദേശത്ത് ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ച് നടത്തിയ തെരച്ചില്‍ ഫലം കണ്ടില്ല. പ്രാഥമിക പരിശോധനയില്‍ മനുഷ്യ ശരീരം കൃത്യമായി വേര്‍തിരിച്ചറിയാന്‍ കഴിയാത്തതാണ് ഇതിനു കാരണമെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസവും സൂചിപ്പാറയ്ക്ക് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയിരുന്നു. വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും. പുത്തുമല സ്വദേശി അണ്ണയ്യയുടെയും പൊള്ളാച്ചി സ്വദേശി ഗൗരീശങ്കറിന്റെയും ബന്ധുക്കള്‍ അവകാശ വാദവുമായി രംഗത്തെത്തിയതിനെ തുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്.