തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തിലെ സഹകരണ ബാങ്കില്‍ നടന്ന ലക്ഷങ്ങളുടെ തട്ടിപ്പില്‍ ഉന്നത സ്വാധീനമുള്ള സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേരെ സ്ഥാപനത്തില്‍ നി്ന്നും പുറത്താക്കി. ബാങ്കില്‍ നടന്ന ഓഡിറ്റിംഗിലാണ് തട്ടിപ്പിന്റെ നിജസ്ഥതി പുറത്തറിയുന്നത്.എന്നാല്‍ പാര്‍ട്ടി അംഗങ്ങളെ സംരക്ഷിക്കുന്ന ഭരണസമിതിയുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.
ധര്‍മ്മടം സര്‍വീസ് സഹകരണ ബാങ്കിലെ ജൂനിയര്‍ ക്ലര്‍ക്കും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും വളണ്ടിയര്‍ ക്യാപ്റ്റനുമായിരുന്ന അണ്ടല്ലൂരിലെ എംവി വിനീഷ്, അണ്ടല്ലൂര്‍ സായാഹ്ന ശാഖയിലെ മാനേജര്‍ ഇന്‍ ചാര്‍ജ് പി സജീവ് കുമാര്‍, പ്യൂണ്‍ പത്മാനാഭന് എന്നിവരെയാണ് ബാങ്ക് പുറത്താക്കിയത്. പുറത്താക്കപ്പെട്ട മൂന്ന് സിപിഎം നേതാക്കളില്‍ രണ്ട് പേര് നിലവില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്.
അതേസമയം പാര്‍ട്ടി പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്നുള്ള വിവരം അതീവ രഹസ്യമാക്കാനായിരുന്നു നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ പാര്‍ട്ടി ജനറല്‍ ബോഡിയില്‍ നടന്ന റിപ്പോര്‍ട്ടിംഗിന്റെ ഓഡിയോ പുറത്തായതോടെയാണ് സംഭവം പുറത്തറിയുന്നത്. ക്ഷേമ പെന്ഷന് തട്ടിയെടുത്തതിന്റെ പേരില്‍ തലശ്ശേരിയിലെ സഹകരണ ബാങ്കിലെ ജീവനക്കാരനായ സിപിഎം നേതാവിന്റെ കേസ് ചര്‍ച്ച ചെയ്യപ്പെട്ടതും വിവാദമാകുകയും ചെയ്തത് അടുത്ത കാലത്താണ്.ഇതിന് പിന്നാലെയാണ് വീണ്ടും സിപിഎം അംഗങ്ങള്‍ തട്ടിപ്പില്‍ പുറത്താക്കപ്പെടുന്നത്.