തൃശ്ശൂര്‍ : യുവസംവിധായകന് നിഷാദ്ഹസ്സനെ മുഖമൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടുപോയി വഴിയില്‍ ഉപേക്ഷിച്ച സംഭവത്തിന്റെ കേസന്വേഷണം നിര്‍ണ്ണായക ഘട്ടത്തില്‍.
സംവിധായകനും ഭാര്യയും നല്കിയ മൊഴികളില്‍ വൈരുധ്യമുള്ളതിനാല്‍ ഇരുവരേയും വീണ്ടും ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഒന്നും അന്വേഷണത്തില്‍ കണ്ടെത്താനായില്ലെന്ന് പോലീസ് പറയുന്നു. തട്ടിക്കൊണ്ടുപോയ സംഘത്തിലെ എല്ലാവരും മുഖംമൂടി ധരിച്ചിരുന്നെന്നും, ആരാണ് തട്ടിക്കൊണ്ടു പോയതെന്ന് അറിയില്ലയെന്നുമാണ് നിഷാദ് പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് യുവസംവിധായകന്റെയും ഭാര്യയുടെയും മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
ഒരു ദിവസം മുഴുവന്‍ തട്ടികൊണ്ടുപോയ സംഘത്തിന്റെ കസ്റ്റഡിയില്‍ കഴിഞ്ഞ ഇയാള്‍ക്ക് എവിടേയ്ക്കാണ് തന്നെകൊണ്ട് പോയതെന്നോ എവിടെയാണ് താമസിപ്പിച്ചതെന്നോ പറയാന്‍ സാധിക്കുന്നില്ല ഇത് പോലീസില്‍ സംശയം ജനിപ്പിക്കുന്നു.
ഈ സാഹചര്യത്തിലാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്.