സത്യമപ്രിയം

സി പി ഐക്ക് ഒരു ചരമഗീതം

സത്യമപ്രിയം - ജി.കെ. സുരേഷ് ബാബു

കേരള രാഷ്ട്രീയത്തിലെ ഏറ്റവും നല്ല നേതാക്കളുള്ള പാര്‍ട്ടി ഏതെന്ന് ചോദിക്കുമ്പോള്‍ മിക്കവരും ചൂണ്ടിക്കാട്ടിയിരുന്നത് സി പി ഐയെ ആയിരുന്നു. ജനസംഘത്തിലും ബി ജെ പിയിലും നല്ല നേതാക്കളുണ്ടെങ്കിലും അവരെയൊക്കെ ചീത്ത പാര്‍ട്ടിയിലെ നല്ല വ്യക്തികളെന്നാണ് ഇടതുപക്ഷവും വലതുപക്ഷവും ഒരേപോലെ വിശേഷിപ്പിച്ചിരുന്നത്. അടല്‍ബിഹാരി വാജ്‌പേയിയും പി പരമേശ്വര്‍ജിയും കെ ജി മാരാരും ഒ രാജഗോപാലും ഒക്കെ ഈ വിശേഷണത്തിന് പാത്രീഭവിച്ചവരാണ്. അവര്‍ക്കാര്‍ക്കും തന്നെ അക്കാര്യത്തില്‍ പരാതിയുമുണ്ടായിരുന്നില്ല. പക്ഷേ, സി പി ഐ നേതാക്കള്‍ അങ്ങനെയായിരുന്നില്ല. എം എന്‍ ഗോവിന്ദന്‍ നായരില്‍ തുടങ്ങുന്നു കേരളത്തിലെ സി പി ഐയുടെ ഈ പാരമ്പര്യം. ടി വി തോമസും സി അച്യുതമേനോനും എന്‍ ഇ ബലറാമും പി കെ വാസുദേവന്‍ നായരും വെളിയം ഭാര്‍ഗ്ഗവനും പന്ന്യന്‍ രവീന്ദ്രനും സി കെ ചന്ദ്രപ്പനും ഒക്കെ സംശുദ്ധ രാഷ്ട്രീയത്തിന്റെയും സത്യസന്ധതയുടെയുമൊക്കെ പ്രതീകമായിട്ടാണ് കേരളം കണ്ടിരുന്നത്. മാവേലി മന്ത്രി എന്ന നിലയില്‍ പ്രശസ്തനായ ഇ ചന്ദ്രശേഖരന്‍ നായര്‍ സാധാരണക്കാരുടെ അത്താണിയായിരുന്നു. പേരിനുപോലും ഒരു അഴിമതിയാരോപണം അദ്ദേഹത്തിനെതിരെ ഉയര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല.

പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കാനും ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനും സി പി ഐ മന്ത്രിമാരും നേതാക്കളും കാട്ടിയ ആത്മാര്‍ത്ഥതയാണ് എല്ലാകാലത്തും അവരെ ജനപ്രിയരാക്കിയത്. അച്യുതമേനോന്റെ ജീവിതത്തെ കുറിച്ച് കേട്ട സംഭവമുണ്ട്. അച്യുതമേനോന്‍ മുഖ്യമന്ത്രിസ്ഥാനമൊക്കെ ഒഴിഞ്ഞതിനുശേഷം തൃശ്ശൂരില്‍ വിശ്രമജീവിതം ആയിരുന്ന കാലം. അദ്ദേഹത്തിന് ഒരു കത്ത് കിട്ടി. ‘അച്യുതമേനോന്‍, മുഖ്യമന്ത്രി, സെക്രട്ടറിയേറ്റ്, തിരുവനന്തപുരം’ എന്നായിരുന്നു വിലാസം. സെക്രട്ടറിയേറ്റില്‍ വന്ന കത്ത് മേനോന്റെ പേരിലായതുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കത്ത് കവറിലാക്കി തൃശ്ശൂര്‍ വിലാസത്തിലേക്ക് അയച്ചു. കായംകുളത്തിനടുത്തുള്ള കാര്‍ത്തികപ്പള്ളിയിലുള്ള വിധവയായ ഒരു വീട്ടമ്മയുടെ ദുരന്തചിത്രമായിരുന്നു കത്തില്‍. മകളുടെ വിവാഹത്തിനുവേണ്ടി പതിനായിരം രൂപ സഹായം തേടി അപേക്ഷ നല്‍കിയപ്പോള്‍ അയ്യായിരം രൂപ കൈക്കൂലി ചോദിച്ചു എന്നായിരുന്നു പരാതി. അന്നുരാത്രി മേനോന്‍ തിരുവനന്തപുരത്തേക്ക് വണ്ടികേറി. രാവിലെ മുഖ്യമന്ത്രി കരുണാകരന്റെ ഓഫീസില്‍ അദ്ദേഹം എത്തി. ഈ കത്ത് മുഖ്യമന്ത്രിക്ക് കൊടുത്തു. കത്ത് വായിച്ച മുഖ്യമന്ത്രി കരുണാകരന്‍ ആലപ്പുഴ കളക്ടറോട് പണം അവരുടെ വീട്ടിലെത്തിക്കാന്‍ നിര്‍ദ്ദേശിച്ചു. കൈക്കൂലി ചോദിച്ച മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. ഫോണ്‍ വെച്ചു കഴിഞ്ഞ് കരുണാകരന്‍ മേനോനോട് ചോദിച്ചു,

‘ഇതിനുവേണ്ടി അങ്ങ് ഇവിടെവരെ വരണമായിരുന്നോ. ഒന്ന് ഫോണ്‍ ചെയ്താല്‍ മതിയായിരുന്നില്ലേ?’

‘ആ പാവപ്പെട്ട അമ്മ അര്‍പ്പിച്ച വിശ്വാസമാണ് എന്നെ ഇവിടേക്ക് എത്തിച്ചത്’ അച്യുതമേനോന്‍ പറഞ്ഞു.

അച്യുതമേനോന്‍ കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയായിരുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. സി പി ഐയെ സാധാരണക്കാരില്‍ സാധാരണക്കാരുടെ ഹൃദയവികാരം മനസ്സിലാക്കാന്‍ കഴിഞ്ഞ നേതാക്കള്‍ നയിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്ന് ആ സി പി ഐ മരിച്ചിരിക്കുന്നു. പഴയ പാരമ്പര്യം പേറുന്ന കുറച്ചു നേതാക്കള്‍ കൂടി ഇന്ന് ആ പാര്‍ട്ടിയിലുണ്ട്. അവരിലൊന്ന് തീര്‍ച്ചയായും എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവാണ്. ഗ്രൂപ്പിന് അതീതമായി പറയട്ടെ, സത്യന്‍ മൊകേരിയും പ്രകാശ് ബാബുവും പി പ്രസാദും അടക്കമുള്ള ഒറ്റപ്പെട്ട ചില തുരുത്തുകളെ കാണാതിരുന്നുകൂടാ.

എറണാകുളം ഐ ജി ഓഫീസിലേക്ക് നടന്ന സി പി ഐ മാര്‍ച്ചിനു നേരെ, പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ പി രാജുവിനും എം എല്‍ എ എല്‍ദോ എബ്രഹാമിനും പരിക്കേറ്റു. പറവൂര്‍ കോളേജിലെ എസ് എഫ് ഐ, എ ഐ എസ് എഫ് സംഘര്‍ഷത്തില്‍ പോലീസ് എസ് എഫ് ഐക്ക് അനുകൂലമായി പക്ഷപാതപരമായി പെരുമാറി എന്ന് ആരോപിച്ചാണ് സി പി ഐക്കാര്‍ ഐ ജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. എം എല്‍ എയെ ഒരുപക്ഷേ, അറിയുമായിരുന്നില്ല, കാരണം അദ്ദേഹം മൂവാറ്റുപുഴയിലാണ് എന്ന് പറഞ്ഞ് രക്ഷപ്പെടാം. നേരത്തെ രണ്ടുതവണ എം എല്‍ എയും കമ്യൂണിസ്റ്റ് നേതാവുമായ എന്‍ ശിവന്‍പിള്ളയുടെ മകനുമായ പി രാജുവിനെ അറിയില്ല എന്ന് ആര്‍ക്കും പറയാന്‍ കഴിയുമായിരുന്നില്ല. പോലീസ് നടത്തിയ ക്രൂരമായ ലാത്തിച്ചാര്‍ജ്ജ് ദൃശ്യങ്ങളില്‍ നിന്നുതന്നെ വ്യക്തമാണ്. എറണാകുളം സെന്‍ട്രല്‍ എസ് ഐ വിപിന്‍ദാസ് ആണ് ഈ ക്രൂരമര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത്. എം എല്‍ എയെ തല്ലുന്നതില്‍ നിന്നു തന്നെ കാര്യങ്ങള്‍ വ്യക്തമാണ്. ഒരുപക്ഷേ, എം എല്‍ എയെ തിരിച്ചറിഞ്ഞില്ലെന്ന പോലീസിന്റെ വിശദീകരണം മുഖവിലയ്ക്കു തന്നെ എടുക്കാം. ഡി ജി പി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും പോലീസുകാരെ ന്യായീകരിച്ചിട്ടുണ്ട്. സ്വാഭാവികമായും തന്റെ സേനയെ ന്യായീകരിക്കുക അദ്ദേഹത്തിന്റെ ബാധ്യതയുമാണ്. മുഖം രക്ഷിക്കാന്‍ എസ് ഐ വിപിന്‍ദാസിനെ മാത്രം സസ്‌പെന്‍ഡ് ചെയ്ത് ആഭ്യന്തരവകുപ്പ് തലയൂരുകയാണ്. പക്ഷേ, ഈ സംഘര്‍ഷത്തിലേക്ക് നയിച്ച രാഷ്ട്രീയ പ്രശ്‌നത്തിന് ഇനിയും പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. സി പി ഐ ജില്ലാ സെക്രട്ടറി പി രാജുവിന്റെ പാസ്‌പോര്‍ട്ട് തടഞ്ഞുവച്ചതും പരിഹരിക്കപ്പെട്ടിട്ടില്ല.

ഇക്കാര്യങ്ങളിലൊന്നും പ്രതികരിക്കാന്‍ സി പി ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ തയ്യാറായില്ല. എ ഐ ടി യു സിയുടെ ചുമതലയുള്ള സമയം മുതല്‍തന്നെ സി പി എമ്മിന്റെ വലിയേട്ടന്‍ മനോഭാവത്തിനെതിരെ തുറന്നടിക്കുകയും ശക്തമായി പ്രതികരിക്കുകയും ചെയ്ത കാനം എങ്ങനെയാണ് പൊടുന്നനെ മൗനത്തിലേക്ക് പോയതെന്ന് ആര്‍ക്കും മനസ്സിലായില്ല. ഈയിടെ പിണറായിക്കു മുന്നില്‍ കാനം മൗനിബാബയാണ്. സി പി ഐ നേതൃത്വത്തില്‍ നടക്കുന്ന അഴിമതി മുഖ്യമന്ത്രി പിണറായി വിജയന്‍ പിടിച്ചതാണ് ഇതിനു കാരണമെന്നാണ് തലസ്ഥാനത്തെ രാഷ്ട്രീയ ഉപശാലകളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. പ്രധാനമായും സിവില്‍ സപ്ലൈസ് വകുപ്പിലെ സാധനങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച് ഇടനിലക്കാരുമായി കാനത്തിന്റെ കുടുംബാംഗങ്ങളില്‍ ചിലര്‍ നടത്തിയ ഇടപെടലുകളാണ് മുഖ്യമന്ത്രി പിടിച്ചതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ ആരോപണത്തിനു പിന്നില്‍ ചില സ്ഥാപിത താല്പര്യക്കാരാണ് എന്നാണ് കാനം മാധ്യമങ്ങളോട് പറഞ്ഞത്. പക്ഷേ, സി പി ഐയെ സംബന്ധിച്ച അഴിമതിയുടെ കഥകള്‍ കേരള രാഷ്ട്രീയത്തെ ദുര്‍ഗന്ധപൂരിതമാക്കുന്ന നിലയിലേക്ക് വളര്‍ന്നിരിക്കുന്നു. കേരളത്തിലെ എല്ലാ രാഷ്ട്രീയക്കാരും മാത്രമല്ല, ഐ എ എസ്സുകാരും പത്രപ്രവര്‍ത്തകരും അടക്കം ബഹുമാനിക്കുന്ന വ്യക്തിത്വമായിരുന്നു ഭക്ഷ്യമന്ത്രി ഇ ചന്ദ്രശേഖരന്‍ നായര്‍. മാവേലി സ്റ്റോറും കേരള സ്‌റ്റോറും ഒക്കെയായി ഇടത്തരക്കാരന്റെയും സാധാരണക്കാരന്റെയും ജീവിതം പിടിച്ചുനിര്‍ത്താന്‍, പട്ടിണിയില്ലാതെ ജീവിക്കാന്‍ വഴിയൊരുക്കിയ അദ്ദേഹം എവിടെ, ഇപ്പോഴത്തെ ഭക്ഷ്യമന്ത്രി എവിടെ?

ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പിലെ അഴിമതിക്കഥകള്‍ എവിടെയും പാട്ടാണ്. സമയബന്ധിതമായി റേഷന്‍ കാര്‍ഡ് കൊടുക്കാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. റേഷന്‍ കാര്‍ഡിന്റെ ഫോട്ടോ എടുക്കുന്നതില്‍ പോലും കൈയിട്ട് വാരി എന്നാണ് ആരോപണം. സിവില്‍ സപ്ലൈസിലെ ഇടപാടുകള്‍ മുഴുവന്‍ ദുരൂഹമാണ്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഭേദമാണ്. വ്യക്തിപരമായ അഴിമതിയില്ല. പക്ഷേ, എവിടെയോ ചില പൊരുത്തക്കേടുകള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നു. പാര്‍ട്ടി ഇടപെടലോ ചില ബാഹ്യശക്തികളുടെ സ്വാധീനമോ റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനത്തിലും പ്രകടമാണ്. കൊല്ലത്തുനിന്നുള്ള മുന്‍ മന്ത്രിയായ എം എല്‍ എയുടെ പി എ ആണ് കൊല്ലം ജില്ലയിലെ സ്ഥലമാറ്റങ്ങള്‍ നിയന്ത്രിക്കുന്നത്. നേരത്തെ മന്ത്രിയായിരുന്ന എം എല്‍ എ അഴിമതിക്കാരനല്ലെങ്കിലും എം എല്‍ എയുടെ പേരില്‍ ആരൊക്കെയോ പണപ്പിരിവ് നടത്തുന്നു എന്നത് വാസ്തവമാണ്. സ്ഥാനമൊഴിഞ്ഞ കളക്ടറെ തോക്കിന്‍മുനയില്‍ നിര്‍ത്തി കാര്യങ്ങള്‍ സാധിച്ചത് എം എല്‍ എയുടെ അറിവോടെയാണോ? പെരുമ്പാവൂരിലെ വിവാദ ഭൂമി ഇടപാടും വ്യാജ ഉത്തരവിനും പിന്നില്‍ മന്ത്രിയുടെ ഓഫീസിലെ ആരോ ഉണ്ടെന്ന സൂചനകള്‍ തള്ളാന്‍ കഴിയുന്നതല്ല. അന്വേഷണം ഈ വഴിക്ക് വന്നില്ല.

കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍, എ ഐ വൈ എഫ് സംസ്ഥാന പ്രസിഡണ്ടായിരിക്കെ എല്ലാവര്‍ക്കും പ്രതീക്ഷയുള്ള നേതാവായിരുന്നു. എം എല്‍ എ ആയപ്പോഴും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. മന്ത്രിയായപ്പോഴേക്കും ചരട് പൊട്ടിയ പമ്പരം പോലെയായി. ആരോപണങ്ങളുടെ വിശദാംശങ്ങളിലേക്ക് പോകുന്നില്ല. പഴയ സുനില്‍കുമാറിനെ അധികാരത്തിന്റെ ഇടനാഴികളിലെവിടെയോ നഷ്ടമായി എന്ന് പറയാതിരിക്കാന്‍ കഴിയില്ല. വനം മന്ത്രി കെ രാജുവാണ് നാലംഗ പടയിലെ ഏറ്റവും സമര്‍ത്ഥന്‍. പ്രളയസമയത്ത് ജര്‍മ്മനിക്ക് മുങ്ങിയ ഈ വിദ്വാന്‍ കണ്ണടച്ചാണ് പാല് കുടിക്കുന്നത്, പൂച്ചയെ പോലെ. നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും വനഭൂമി കേസുകള്‍ തുടരെ തുടരെ തോല്‍ക്കുന്നതിലും ഒക്കെയുള്ള മന്ത്രിയുടെയോ ഓഫീസിന്റെയോ പങ്ക് അന്വേഷിക്കപ്പെടേണ്ടതാണ്. സര്‍ക്കാര്‍ വനവും കേസുകളില്‍പ്പെട്ട എസ്റ്റേറ്റുകളും ഒക്കെ സ്വകാര്യമേഖലയ്ക്ക് അനുകൂലമായ തീരുമാനം വരുന്നതില്‍ മന്ത്രി അറിഞ്ഞോ അറിയാതെയോ ബാഹ്യ ഇടപെടലുകളുണ്ട്.

ചരിത്രത്തിലാദ്യമായി ഇസ്ലാമിക മതമൗലികവാദികള്‍ പാര്‍ട്ടിക്കുള്ളിലേക്ക് നുഴഞ്ഞുകയറി എന്ന ആരോപണവും ഇക്കുറി വന്നു. ആരോപണം ഉയര്‍ത്തിയത് ചില്ലറക്കാരല്ല. എ ഐ വൈ എഫിന്റെ സംസ്ഥാന നേതാക്കള്‍ തന്നെയാണ് ഈ ആരോപണം ഉയര്‍ത്തിയത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് പണം പറ്റിയ കാര്യം ഈ നേതാക്കള്‍ തന്നെയാണ് തുറന്നുപറഞ്ഞത്. കഴിഞ്ഞതവണ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബെന്നറ്റിന് പണത്തിന് സീറ്റുവിറ്റ വിവാദം തീരും മുന്‍പേ നിയമസഭാ സീറ്റ് ഇസ്ലാമിക മതമൗലികവാദികള്‍ക്ക് വിറ്റു എന്ന ആരോപണത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് എന്താണ് പറയാനുള്ളത്? ഏത് ആദര്‍ശത്തിന്റെ പേരിലാണെങ്കിലും ഈ രാജ്യം നന്നാകാന്‍ വേണ്ടിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നത്. സി പി ഐയുടെ ഇന്നത്തെ പോക്ക് എവിടേക്കാണെന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദേശീയ പാര്‍ട്ടി എന്ന പദവി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കും. ഇത്തവണയും കഴിഞ്ഞ തവണയുമാണ് ഏറ്റവും കൂടുതല്‍ അഴിമതിയാരോപണങ്ങള്‍ ഉണ്ടായത്. ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ പാര്‍ട്ടിയില്‍ ഒരു സംവിധാനം ഉണ്ടാകുമോ?

അറസ്റ്റിലായ തോപ്പില്‍ ഭാസിയെ വിട്ടയക്കാന്‍ ഐ ജി ചന്ദ്രശേഖരന്‍ നായരുടെ വീട്ടിലേക്ക് ഇരച്ചുകയറിയ എം എന്‍ ഗോവിന്ദന്‍ നായരും വി എസ് ഭരിക്കുമ്പോള്‍ അറസ്റ്റിലായ രാഖി വിജയകുമാറിനെ വിട്ടുകിട്ടാന്‍ കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനിലേക്ക് മുണ്ട് മടക്കിക്കുത്തി പോയ വെളിയം ഭാര്‍ഗ്ഗവനും ഒക്കെ പാര്‍ട്ടിയിലെ സാധാരണ പ്രവര്‍ത്തകന്റെ ഹൃദയതാളം അറിയുന്നവരായിരുന്നു. അവരെപ്പോലെ ആകാന്‍ കഴിഞ്ഞില്ലെങ്കിലും അവരുടെ ചെരുപ്പ് എടുക്കാനുള്ള യോഗ്യതയെങ്കിലും പിന്നാലെ വരുന്നവര്‍ക്ക് ഉണ്ടാകണ്ടേ? സി പി ഐയില്‍ ഗ്രൂപ്പിസം അതിന്റെ പരമകാഷ്ഠയില്‍ എത്തിയിരിക്കുകയാണ്. മാന്യന്മാരായ പലരും പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടിരിക്കുന്നു. എം പി അച്യുതനും സി എന്‍ ചന്ദ്രനും സി എന്‍ ജയദേവനും ഒക്കെ അതിന്റെ ഇരകളാണ്. വി വി രാഘവനും ഇ ചന്ദ്രശേഖരന്‍ നായരും വെളിയം ഭാര്‍ഗ്ഗവനും ഇ കെ പിള്ളയും സി കെ ചന്ദ്രപ്പനും പി കെ വിയും എന്‍ ഇ ബലറാമും അച്യുതമേനോനും ഒക്കെ കെട്ടിപ്പടുത്ത സത്യസന്ധതയുടെയും ലാളിത്യത്തിന്റെയും രാഷ്ട്രീയം ഇന്ന് സി പി ഐക്ക് നഷ്ടമാകുന്നു. ഒരു വംശനാശ ഭീഷണിയിലേക്കാണ് സി പി ഐ നടന്നടുക്കുന്നത്. പാര്‍ട്ടിക്കാരന്‍ തന്നെയായിരുന്ന ഒ എന്‍ വിയുടെ വാക്കുകള്‍ കടമെടുക്കട്ടെ, സി പി ഐക്ക് ഒരു ചരമഗീതം.

445 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close