വാഹനങ്ങൾ വീടിന് പുറത്ത് പാർക്ക് ചെയ്യുമ്പോൾ അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള സുരക്ഷിത മാർഗത്തെക്കുറിച്ചുള്ള ബോധവൽക്കരണ വീഡിയോ അബുദാബി പോലീസ് പുറത്തിറക്കി. വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ ചുറ്റുവട്ടം ശ്രദ്ധിക്കണം . കുട്ടികള്‍, മുറ്റത്തോ വാഹനത്തിന്റെ അരികിലോ കളിക്കുകയോ മറ്റോ ചെയ്യുന്നില്ല എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രം വാഹനം പാര്‍ക്ക് ചെയ്യുക. അതുപോലെ പാര്‍ക്ക് ചെയ്യുമ്പോള്‍ റിവേര്‍സ് ചെയ്ത് വാഹനത്തിന്റെ മുന്‍വശം വീടിനു അഭിമുഖമായിടുക. ഇതു വാഹനം എടുക്കുമ്പോള്‍ വീടിന്റെ മുൻവശത്ത് നിൽക്കുന്ന കുട്ടികളെ നേരിട്ട് നിരീക്ഷിക്കുവാനും, അപകടങ്ങൾ ഒഴിവാക്കാനും ഡ്രൈവർക്ക് കഴിയും.
റിവേഴ്സ് ക്യാമറകളും, പാർക്കിംഗ് സെൻസറുകളും , വാഹനങ്ങളിലുള്ള മറ്റു സുരക്ഷാ മാർഗങ്ങളും പ്രവർത്തന ക്ഷമം ആണെന്ന് ഉറപ്പ് വരുത്തണം. കൂടാതെ പാർക്ക് ചെയ്യുമ്പോൾ വളരെ സാവധാനം വാഹനമോടിക്കണം, രണ്ടു വശത്തും, പിന്നിലുമുള്ള കണ്ണാടികളിലൂടെ ചുറ്റുമുള്ള പ്രദേശം പരിശോധിച്ച്, സംശയം തോന്നിയാൽ വിൻഡോ ഗ്ലാസ് താഴ്ത്തുക, ഇതു കുട്ടികളുടെ ശബ്ദം കേൾക്കാൻ സഹായിക്കും.വാഹനം ഓടിക്കുമ്പോൾ ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും, പ്രത്യേകിച്ചു മാതാപിതാക്കൾ ഡ്രൈവ് ചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കരുതെന്നും, വീടിന്റെ പാർക്കിംഗിലേക്ക് പ്രവേശിക്കുമ്പോൾ വളരെ ശ്രദ്ധയോടെ വാഹനമോടിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു.
—