തിരുവനന്തപുരം: പിഎസ്സി പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ ക്രമക്കേട് നടത്തിയത് എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും തന്നെയെന്ന് ക്രൈംബ്രാഞ്ച്.
ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇരുവരും കുറ്റം സമ്മതിച്ചത്. പരീക്ഷാ സമയത്ത് ഉത്തരങ്ങള്‍ എസ്എംഎസായി ലഭിച്ചുവെന്നും.
70ലേറെ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയത് എസ്എംഎസ് നോക്കിയാണെന്നും പ്രതികള്‍ അന്വേഷണസംഘത്തോട് പറഞ്ഞു.
ശിവരഞ്ജിത്തിനെയും, നസീമിനെയും പൂജപ്പുരജയിലിലെത്തിയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തത്.
എട്ടു മണിക്കൂറോളം ചോദ്യം ചെയ്യല്‍ തുടര്‍ന്നു. തുടക്കത്തില്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരിക്കാനാണ് പ്രതികള്‍ ശ്രമിച്ചത്.
എന്നാല്‍ അന്വേഷണസംഘത്തിന്റെ തെളിവുകള്‍ നിരത്തിയുള്ള ചോദ്യത്തിന് മുന്പില് പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
പിഎസ്സി ചോദ്യങ്ങള്‍ എങ്ങനെ ലഭിച്ചു, ആരാണ് ചോര്‍ത്തി നല്‍കിയത്, ചോദ്യപ്പേപ്പര്‍ പുറത്ത് പോയതെങ്ങനെ എന്നീ ചോദ്യത്തിന് പരസ്പര വിരുദ്ധമായാണ് പ്രതികള്‍ മറുപടി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട കൃത്യമായ മറുപടി പ്രതികള്‍ നല്‍കിയിട്ടില്ല.
ഇതോടൊപ്പം പിഎസ്സി ക്രമക്കേടിലെ അഞ്ചാം പ്രതിയായ സഫീര്‍ ഫയര്‍ഫോഴ്സ് ലിസ്റ്റില്‍ ഉള്‍പ്പെട്ട തെളിവുകളും ലഭിച്ചു.
പ്രതികള്‍ക്ക് മൊബൈല്‍ വഴി ഉത്തരം അയച്ചുകൊടുത്തയാളാണ് സഫീര്‍. പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്തുക എന്നത് കേസില്‍ ഏറെ നിര്‍ണ്ണായകമാണ്.
പ്രതികളുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയെങ്കിലും തെളിവുകള്‍ ഒന്നും ലഭിച്ചില്ല.
പരീക്ഷാ തട്ടിപ്പ് ആദ്യം കണ്ടെത്തിയത് പിഎസ്.സി വിജിലന്‍സാണ്.
ഈ മാസം എട്ടിനാണ് പരീക്ഷാ തട്ടിപ്പിലെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.