ന്യൂഡല്‍ഹി: കശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് ആഭ്യന്തരമന്ത്രി അമിത്ഷായെ ബോധിപ്പിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍.
ജമ്മുകശ്മീര്‍ പുനസംഘടനയ്ക്ക് ശേഷം കശ്മീരില്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലായെന്നും, നിലവില്‍ അക്രമസംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലയെന്നും അജിത്ത്ഡോവലും, കേന്ദ്ര ആഭ്യന്തരസെക്രട്ടറി രാജീവ് ഗൗബയും ആഭ്യന്തരമന്ത്രി അമിത്ഷായെ അറിയിച്ചു.
അമിത്ഷാ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് കശ്മീരിലെ സ്ഥിതിഗതികളെ കുറിച്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.
ഒറ്റപ്പെട്ട സംഭവങ്ങള്‍ കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തത് ഒഴിച്ചാല്‍ സ്ഥിതിഗതികള്‍ പൊതുവെ ശാന്തമാണെന്നും, സ്ഥലത്തെ ഏതാനും മേഖലകളില്‍ മാത്രമാണ് ഇന്റര്‍നെറ്റ് കണക്ഷന് നിര്‍ത്തിവച്ചിരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു.
ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിനു ശേഷം കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പത്ത് ദിവസത്തില്‍ കൂടുതല്‍ അജിത്ത് ഡോവല്‍ കശ്മീരില്‍ കഴിഞ്ഞിരുന്നു.
അനന്തനാഗ്, ഷോപിയാന്‍, ശ്രീനഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം വെള്ളിയാഴ്ചയാണ് അദ്ദേഹം ഡല്‍ഹിയിലേയ്ക്ക് മടങ്ങിയത്.