ന്യൂഡല്‍ഹി: ഒരാഴ്ചയ്ക്കകം ഡല്‍ഹിയിലെ സര്‍ക്കാര്‍ വസതികള്‍ ഒഴിയാന്‍ മുന്‍ എംപിമാര്‍ക്ക് നല്കിയ നോട്ടീസ് കഠിനവും വിവേചനപരവുമാണെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ. മുന്‍ എംപിമാര്‍ക്ക് പ്യൂണിനേക്കാള്‍ കുറഞ്ഞ പെന്‍ഷനാണ് ലഭിക്കുന്നതെന്നും സര്‍ക്കാരിന്റെ സെക്രട്ടറിമാര്‍ക്ക് ആറ് മാസം വരെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നു എന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന്റെ ഈ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ആനന്ദ് ശര്‍മ കൂട്ടിച്ചേര്‍ത്തു.
മുന്‍ എംപിമാരെല്ലാവരും ഏഴു ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ വസതികള്‍ ഒഴിയണമെന്ന് ഹൗസിംഗ് കമ്മിറ്റി ചെയര്മാന് ചന്ദ്രകാന്ത് പാട്ടീല്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. മൂന്ന് ദിവസത്തിനകം ഈ താമസസൗകര്യങ്ങളിലേക്കുള്ള വൈദ്യുതിയും ജലവിതരണവും നിര്‍ത്താനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിയമപ്രകാരം നിലവില്‍ എംപി അല്ലാത്തവര്‍ 30 ദിവസത്തിനകമാണ് സര്‍ക്കാര്‍ വസതികള്‍ ഒഴിഞ്ഞു നല്‍കേണ്ടത്. ഏകദേശം 50-60 എംപിമാര്‍ ഇത്തരത്തില്‍ വസതി ഒഴിയേണ്ടതുണ്ട്. എന്നാല്‍ പതിനാറാം ലോകസഭ പിരിച്ചുവിട്ട് മൂന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും നിരവധി എംപിമാര്‍ സര്‍ക്കാര്‍ വസതികള്‍ ഒഴിയാന്‍ തയ്യാറായിട്ടില്ല. ലോകസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ക്ക് ഇപ്പോള്‍ താല്കാലിക താമസസൗകര്യമാണുള്ളത്.
പുതിയ പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുമ്പോള്‍ പുതുതായി വരുന്ന എംപിമാര്‍ക്ക് താമസസൗകര്യം കണ്ടെത്തുന്നതില്‍ വളരെയധികം പ്രശ്നം നേരിടേണ്ടി വരുമെന്നും അതു മറികടക്കേണ്ടതും അവര്‍ക്കുള്ള സൗകര്യം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.ഈ പശ്ചാത്തലത്തിലാണ് മുന്‍ എംപിമാര്‍ എത്രയും വേഗം സര്‍ക്കാര്‍ വസതികള്‍ ഒഴിയാനുള്ള നിര്‍ദേശം നല്‍കിയത്.