സ്കൂൾ അധ്യയന വര്ഷം ആരംഭിക്കുന്ന ദിവസം റോഡപകടങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബോധ വൽക്കരണ കാമ്പയിൻ കഴിഞ്ഞ വർഷമാണ് ദുബായ് പോലീസ് ആരംഭിച്ചത്. ബോധവൽക്കരണ പരിപാടിയുടെ ഫലമായി 2017 നെ അപേക്ഷിച്ച് 2018 ൽ അധ്യയന വർഷ ആരംഭ ദിനത്തിലെ അപകടങ്ങളിൽ 50 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. ഈ വർഷവും സ്കൂളുകൾ തുറക്കുന്ന സെപ്റ്റംബർ 2 “എ ഡേ വിത്ത് ഔട്ട് ആക്സിഡന്റ്സ്” ദിനമായിരിക്കുമെന്ന് ദുബായ് ട്രാഫിക് പോലീസ് വിഭാഗം അറിയിച്ചു. കഴിഞ്ഞ വര്ഷം ആരംഭിച്ച ബോധവൽക്കരണ പരിപാടി വിജയമെന്ന് കണ്ടതിനാലാണ് ഈ വർഷവും തുടരാൻ തീരുമാനിച്ചത് എന്ന് ദുബായ് ട്രാഫിക് പോലീസ് വിഭാഗം ആക്ടിങ് ഡയറക്ടർ കേണൽ ജുമാ സലിം ബിൻ സുവൈദാൻ അറിയിച്ചു. സ്കൂൾ ബസുകളിലെ സൂചന ബോർഡ് അവഗണിച്ച് വാഹനം ഓടിക്കുന്നവർക്ക് ആയിരം ദിർഹം പിഴയും, പത്തു ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ. ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കുന്നവർക്ക് പ്രശംസാ പത്രവും, സമ്മാനങ്ങളും ലഭിക്കുന്ന പദ്ധതിക്കും ദുബായ് പോലീസ് തുടക്കം കുറിച്ചു. ഇതിനായി ദുബായ് പോലീസ്ന്റെ വെബ്സൈറ്റ് സന്ദർശിച്ച് പ്രതിജ്ഞാ പത്രം സമർപ്പിക്കണം. നിയമങ്ങൾ പാലിച്ച് വാഹനമോടിച്ചാൽ ബ്ലാക്ക് പോയിന്റുകളിൽ കുറവ് ഉൾപ്പടെയുള്ള ആനുകൂല്യങ്ങളും ലഭിക്കും.