വാഷിങ്ടണ്‍: ഭാവിയില്‍ ഇന്ത്യയടക്കം മറ്റു രാജ്യങ്ങള്‍ അഫ്ഗാനിസ്ഥാനിലെ ഭീകരര്‍ക്കെതിരെ തിരിയേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇന്ത്യ, ഇറാന് തുര്‍ക്കി, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ എന്നെങ്കിലും ഒരിക്കല്‍ ഭീകരര്‍ക്കെതിരെ പൊരുതേണ്ടി വരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ് . മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
ഐഎസ് ഭീകരര്‍ സ്ഥാപിച്ച ഖിലാഫത്ത് പൂര്‍ണമായും നശിപ്പിച്ചു. വളരെ കുറച്ചു സമയത്തിനുള്ളിലാണ് അമേരിക്ക ഇത് ചെയ്തതെന്നും ട്രംപ് പറഞ്ഞു. ഐഎസ് ഭീഷണി നേരിടുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ എന്നെങ്കിലും ഒരിക്കല്‍ ഭീകരര്‍ക്കെതിരെ യുദ്ധം ചെയ്യേണ്ടി വരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. നിലവില്‍ ഭീകരവാദത്തിനെതിരെ മറ്റു രാജ്യങ്ങള്‍ വളരെ ചെറിയ ഇടപെടല്‍ മാത്രമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യയും പാകിസ്ഥാനും അടുത്തുണ്ടായിട്ടും ഐഎസ് ഭീകരരെ നശിപ്പിക്കാന്‍ 7000 മൈലുകള്‍ക്ക് അപ്പുറമുള്ള അമേരിക്ക പ്രതികരിക്കേണ്ടി വന്നു. എന്നെങ്കിലും ഒരിക്കല്‍ ഈ രാജ്യങ്ങള്‍ ഭീകരര്‍ക്കെതിരെ പോരാടും എന്നു കരുതി 19 വര്‍ഷം വരെ അമേരിക്കന്‍ സൈന്യത്തെ അഫ്ഗാനില്‍ നിര്‍ത്തേണ്ടതുണ്ടോയെന്നും ട്രംപ് ചോദിച്ചു.
ഐഎസ് സ്ഥാപിച്ച ഖിലാഫത്തിനെ 100 ശതമാനം തുടച്ചുമാറ്റി. യൂറോപ്പില്‍ നിന്നുള്ള ആയിരക്കണക്കിന് ഭീകരരെ നിലവില്‍ പിടികൂടിയിട്ടുണ്ട്. അവരെ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും യൂറോപ്പ് തയാറാകുന്നില്ല. ഇനി അവരെ അവരുടെ രാജ്യത്തേക്ക് വിട്ടയക്കാന്‍ മാത്രമെ സാധിക്കുകയുള്ളുവെന്ന് ട്രംപ് പറഞ്ഞു. ഭീകരരെ 50 വര്‍ഷത്തേക്ക് ഗ്വാണ്ടാനാമോ ജയിലിലടച്ച് പണം കളയാന്‍ താത്പര്യമില്ലെന്നും ട്രംപ് വ്യക്തമാക്കി.