കൊച്ചി: പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണം അഴിമതിയില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു. വിജിലന്‍സ് ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഏത് അന്വേക്ഷണമായും സഹകരിക്കുമെന്ന് ചോദ്യം ചെയ്യലിന് ശേഷം ഇബ്രാഹിംകുഞ്ഞ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
രാവിലെ 11 മണിയോടെയാണ് മുന്‍മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ ചോദ്യം ചെയ്യലിനായി വിജിലന്‍സ് ഓഫീസില്‍ എത്തിയത്. പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ ഇതാദ്യമായാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുന്നത്. വിജിലന്‍സ് ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തില്‍ മൂന്ന് മണിക്കൂറിലധികം ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തു. അറിഞ്ഞുകൊണ്ട് താന്‍ അഴിമതിക്ക് കൂട്ടുനില്‍ക്കില്ലന്നും നിര്‍മ്മാണത്തില്‍ ക്രമക്കേട് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു .
മേല്‍പ്പാല നിര്‍മ്മാണത്തില്‍ വ്യാപക അഴിമതിയും ക്രമക്കേടും വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പറേഷന് എം ഡി ഉള്‍പ്പടെ 17 പേരെ പ്രതി ചേര്‍ത്താണ് കേസെടുത്തത്. അഴിമതിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പറേഷന് ചെയര്‍മാനുമായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞിന് പങ്കുണ്ടോയെന്നാണ് വിജിലന്‍സ് പരിശോധിക്കുന്നത്.