ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 സംബന്ധിച്ച് നിരവധി തെറ്റിദ്ധാരണകള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 370 നെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ സെപ്തംബര്‍ 1 മുതല്‍ ദേശവ്യാപക ക്യാംപെയിന് നടത്താന്‍ ബി ജെ പി തീരുമാനിച്ചു. ബി ജെ പി ദേശീയാദ്ധ്യക്ഷന് അമിത് ഷാ, വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദ, കേന്ദ്ര മന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. സെപ്തംബര്‍ ഒന്നു മുതല്‍ 30 വരെയാണ് പരിപാടി നടക്കുന്നത്.
പരിപാടിയുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ നടത്താനായി രണ്ട് കമ്മിറ്റികള്‍ രൂപീകരിച്ചു. പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്, ജലവിഭവ മന്ത്രി ഗജേന്ദ്ര സിംഗ് എന്നിവരാണ് കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് എന്തുകൊണ്ടാണെന്നും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് കൊണ്ടുള്ള ഫലങ്ങളും ക്യാംപെയ്നില്‍ വിശദീകരിക്കും.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370, 35-എന്നിവ ഓഗസ്റ്റ് 5 നാണ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്.