വയനാട്: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ അടച്ചു പൂട്ടാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്കി. ക്വാറികള്‍ക്ക് നോട്ടീസ് നല്കി രണ്ടാഴ്ച്ചയ്ക്കകം അടച്ചു പൂട്ടണമെന്നാണ് തഹസില്‍ദാര്‍മാര്‍ക്ക് നല്കിയ നിര്‍ദ്ദേശം. മറ്റ് സ്ഥലങ്ങളില്‍ അനുമതി ഇല്ലാതെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ഇതിന്റെ ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കാണെന്നും കളക്ടര്‍ അറിയിച്ചു. നിബന്ധന പാലിച്ചാണോ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സെപ്തംബര്‍ 20 ന് മുന്‍പ് ജിയോളജിസ്റ്റ് പരിശോധിച്ച് ഉറപ്പു വരുത്തും.
നിബന്ധനകള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ പ്രവര്‍ത്തനം നിരോധിക്കുമെന്നും കളക്ടര്‍ അറിയിച്ചു. ജിയോളജിസ്റ്റും ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറുമടങ്ങുന്ന സംഘം ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ പരിധിയില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, സോയില്‍ പൈപ്പിംഗ് എന്നിവ സംബന്ധിച്ച് പരിശോധന നടത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അദ്ദേഹം അറിയിച്ചു.
ആശുപത്രികള്‍, ആരാധനാലയങ്ങള്‍, സ്കൂളുകള്‍, ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത റിസോര്‍ട്ടുകള്‍, സാമൂഹികാവശ്യത്തിനുള്ള കെട്ടിടങ്ങള്‍, വീടുകള്‍ എന്നിവയില്‍ ഉള്‍പ്പെടാത്ത കെട്ടിടങ്ങളും പരിശോധിച്ച് സുരക്ഷാ നിബന്ധനകള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. സുരക്ഷാ നിബന്ധനകള്‍ പാലിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്കു മാത്രമെ പ്രവര്‍ത്തനാനുമതി പുതുക്കി നല്‍കുകയുള്ളു.