എറണാകുളം: പാഞ്ചാലിമേടിന്റെ സംരക്ഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഹിന്ദുക്കളുടെ പുണ്യസ്ഥലമായ പാഞ്ചാലിമേടിനെ മറ്റൊരു മതത്തിന്റെ ആരാധനാലയമാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നുവെന്നും ഇത് ഹിന്ദുക്കളുടെ മതപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. പാഞ്ചാലിമേടിന് വ്യക്തിക്ക് സമാനമായ നിയമാവകാശത്തിന് അര്‍ഹതയുണ്ട് . ആയതിനാല്‍ പാഞ്ചാലി മേടിന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ഹിന്ദു ഐക്യവേദി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
പാഞ്ചാലിമേട്ടിലും, പാഞ്ചാലിമേട്ടിലെ ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിന്റെ സ്വത്തിലുമുള്ള അതിക്രമിച്ചുകയറ്റമാണ് ഹിന്ദു ഐക്യവേദി ഹര്‍ജിയിലൂടെ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പാഞ്ചാലിമേട്ടിലും ക്ഷേത്രപരിസരത്തും ഹിന്ദു ഇതിഹാസത്തിന്റെ പല അടയാളങ്ങളും ഇന്നും അവശേഷിക്കുന്നുണ്ട് .ഗുഹകളുടെ അവശിഷ്ടങ്ങളും വിവിധ വിഗ്രഹങ്ങളും പാഞ്ചാലിമേട്ടില്‍ ഇപ്പോഴും കാണാം. ഹിന്ദുക്കള്‍ പാഞ്ചാലിമേടിനെ ഒരു പുണ്യ സ്ഥലമായാണ് കാണുന്നത്. അതുകൊണ്ടുതന്നെ പാഞ്ചാലിമേട്ടിലെ കയ്യേറ്റം മതസ്വാതന്ത്ര്യത്തിനു നരേയുള്ള കടന്നുകയറ്റമാണെന്നും സ്ഥലം കയ്യേറി കുരിശുകള്‍ സ്ഥാപിച്ചത് കടുത്ത നിയമ ലംഘനമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി.
പാഞ്ചാലിമേടിന്റെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ചും ഹര്‍ജിയില്‍ പറയുന്നുണ്ട്. സുസ്ഥിര ജീവിതത്തിനും പരിസ്ഥിതി സംരക്ഷണത്തിനും കുന്നുകളുടേയും മലകളുടേയും സംരക്ഷണം ആവശ്യമാണ്. വികസനത്തിന്റെ പേരില്‍ കുന്നുകളും മലകളും നശിപ്പിക്കുന്നതാണ് കഴിഞ്ഞ രണ്ടുവര്‍ഷമായി തുടര്‍ച്ചയായ പ്രളയക്കെടുതിയുടെ കാരണമെന്നും ഹര്‍ജിയില്‍ പറയുന്നു. ഇത് സംരക്ഷിക്കേണ്ട പരിസ്ഥിതി വകുപ്പും ഇക്കാര്യത്തില്‍ നിഷ്ക്രിയമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചു.
ഹിന്ദു ഐക്യവേദി നേതാക്കളായ ആര് വി ബാബുവും, ടി ഡി മുരളീധരനും വേണ്ടി അഡ്വക്കറ്റ് വി. സജിത്കുമാറാണ് ഹര്‍ജി നല്‍കിയത്. കേരള സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഉള്‍പ്പെടെ പതിനഞ്ച് പേര് ഹര്‍ജിയില്‍ എതിര്കകഷികളാണ്.