യു എ ഇ യിൽ വീഡിയോ കോളിങ് സൗകര്യമുള്ള പുതിയ ആപ്പ് അവതരിപ്പിച്ചു. വൈസർ എന്ന് പേരിട്ടിരിക്കുന്ന മൊബൈൽ ആപ്പ് ഡു ഉപയോക്താക്കൾക്കാണ് ആദ്യഘട്ടത്തിൽ ലഭിക്കുക.
പതിനേഴോളം ഭാഷകളിൽ തത്സമയ വിവർത്തനം സാധ്യമാകുന്ന ചാറ്റ് സൗകര്യമാണ് വൈസർ ആപ്പിന്റെ പ്രധാന പ്രത്യേകത. സ്വീകർത്താവിന് തനിക്കിഷ്ടമുള്ള ഭാഷയിൽ ചാറ്റ് വായിക്കാനാകും. മലയാളം, തമിഴ് ഭാഷകൾ കൂടി താമസിയാതെ ലഭ്യമാകുമെന്ന് വൈസറിന്റെ യു എ ഇ യിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഇന്ത്യൻ വ്യവസായി ബൽവീന്ദർ സിംഗ് സാഹ്നി അറിയിച്ചു. വൈസർ ഗ്രൂപ്പിൽ 400 ദശലക്ഷം ദിർഹം മുതൽ മുടക്കാണ് അബു സബാഹ് എന്നറിയപ്പെടുന്ന ഇന്ത്യൻ വ്യവസായി ബൽവീന്ദർ സിംഗ് സാഹ്നിക്കുള്ളത്.
ഇന്റർനെറ്റ് അധിഷ്ഠിത വീഡിയോ, ഓഡിയോ കോളുകൾക്ക് കർശന നിബന്ധനകളും, നിയന്ത്രണങ്ങളും യു എ ഇ യിൽ ഉണ്ട്. നിലവിൽ ബോടിം, കാൾമി എന്നീ ആപ്പുകളാണ് ഇന്റർനെറ്റ് അധിഷ്ഠിത വീഡിയോ, ഓഡിയോ കോളുകൾ സാധ്യമാക്കുന്നത്. വൈസർ കൂടി രംഗത്തെത്തുന്നതോടെ സേവനദാതാക്കളുടെ എണ്ണം മൂന്നായി മാറും. മൊബൈൽ ഡാറ്റയോടൊപ്പം 50 ദിർഹവും, വൈഫൈ കണക്ഷനോടൊപ്പം 100 ദിർഹവും പ്രതിമാസം അടച്ചാൽ സേവനം ലഭ്യമാകും. ഐ ഓ എസ് ആപ്പ് സ്റ്റോറിലും, ആൻഡ്രോയ്ഡ് പ്ലേ സ്റ്റോറിലും വൈസർ ആപ്പ് ലഭ്യമാണ്.