തിരുവനന്തപുരം: അരുണ്‍ ജയ്റ്റ്ലിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സാമ്പത്തിക – രാഷ്ട്രീയ കാര്യങ്ങള്‍ അപഗ്രഥിക്കുന്നതില്‍ അസാധാരണ പാടവമുണ്ടായിരുന്ന നേതാവായിരുന്നു അരുണ്‍ ജയ്റ്റ്ലി. വിഭിന്ന മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച അദ്ദേഹം ഭരണ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. അദ്ദേഹത്തന്റെ വേര്‍പാടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ദു:ഖം പങ്കിടുന്നുവെന്നും പിണറായി വിജയന് ഫേസ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം താന്‍ ആദ്യം കണ്ട കേന്ദ്രമന്ത്രിമാരില്‍ ഒരാള്‍ അരുണ്‍ ജയ്റ്റ്ലിയായിരുന്നു. കേരളത്തിന്റെ സവിശേഷതകളെക്കുറിച്ച് അദ്ദേഹത്തിന് നല്ല ധാരണയുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അരുണ്‍ ജയ്റ്റിലിയുടെ നിര്യാണത്തില്‍ ധനമന്ത്രി തോമസ് ഐസക്കും അനുശോചനം അറിയിച്ചു. പാണ്ഡിത്യവും ജനാധിപത്യബോധവും സമന്വയിച്ച അപൂര്‍വ വ്യക്തിത്വമായിരുന്നു അരുണ്‍ ജയ്റ്റ്ലി. എതിര്‍പ്പുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അദ്ദേഹം എപ്പോഴും ചെവി കൊടുത്തിരുന്നു. സഭയിലെ ഡിബേറ്റുകളില്‍ അദ്ദേഹത്തിന്റെ ശൈലിയും നിലവാരവും എതിരാളികളുടെയെല്ലാം ആദരവും അംഗീകാരവും നേടിയിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു.
രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരോടും അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന മികച്ച നേതാവിനെയാണ് അരുണ്‍ ജെയ്റ്റ്ലിയുടെ വിയോഗത്തോടെ രാജ്യത്തിന് നഷ്ടമായതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
ആരോഗ്യമന്ത്രി കെ കെ ഷൈലജ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ എന്നിങ്ങനെ നിരവധി പേര് അരുണ്‍ ജയ്റ്റ്ലിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.