കോയമ്പത്തൂര്‍: ലഷ്കര്‍ ഇ ത്വയ്ബ ഭീകരര്‍ക്ക് സഹായം നല്‍കിയെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഷ്കര്‍ ബന്ധം സംശയിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത അബ്ദുള്‍ ഖാദറുമായി ഫോണില്‍ ബന്ധപ്പെട്ടവരാണ് പൊലീസ് പിടിയിലായത്. കോയമ്പത്തൂര്‍ സ്വദേശികളായ ഇവരെ പൊലീസിന്റെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്ത് വരികയാണ്.
ശ്രീലങ്കയില്‍ നിന്ന് തമിഴ്നാട്ടിലെത്തിയ ഭീകരര്‍ക്ക് യാത്രാ സഹായം നല്‍കിയത് മലയാളിയായ അബ്ദുള്‍ ഖാദറാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ബഹറിനില്‍ നിന്നു രണ്ടു ദിവസം മുമ്പാണ് അബ്ദുള്‍ ഖാദര്‍ കൊച്ചിയിലെത്തിയത്.
എന്നാല്‍ തന്നെക്കുറിച്ചുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും താന്‍ നിരപരാധിയാണെന്നും കോടതിയില്‍ ഹാജരാകുന്നതിനു മുമ്പ് അബ്ദുള്‍ ഖാദര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാക് ഭീകരന് ഇല്യാസ് അന്‍വറിനെ തനിക്കറിയില്ലെന്നും അബ്ദുള്‍ ഖാദര്‍ പറഞ്ഞു.
തമിഴ്നാട്ടിലേക്കു 6 ലഷ്കറെ ഇ ത്വയ്ബ ഭീകരര്‍ നുഴഞ്ഞുകയറിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍ നിന്നാണ് സംഘം തമിഴ്നാട്ടില്‍ എത്തിയത്. ചെന്നൈ, കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള ആക്രമണ സാധ്യതയാണ് രഹസ്യാന്വേഷണ വിഭാഗം കണക്കുകൂട്ടുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ദക്ഷിണ ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.