ന്യൂഡല്‍ഹി: ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താനായി കേന്ദ്രസംഘത്തെ രൂപീകരിച്ചു. അസം, മോഘാലയ, ത്രിപുര, ബിഹാര്‍, ഉത്തരാഗണ്ഡ്, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്, കേരളം, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ കേന്ദ്ര സംഘം സന്ദര്‍ശിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശ പ്രകാരം ആഭ്യന്തര മന്ത്രാലയമാണ് സംഘം രൂപീകരിച്ചത്.
പ്രളയക്കെടുതിയില്‍ വ്യാപക നാശ നഷ്ടങ്ങളാണ് വിവിധ സംസ്ഥാനങ്ങളില്‍ ഉണ്ടായിരിക്കുന്നത്.നിരവധി ജീവനുകളാണ് കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ പൊലിഞ്ഞത്. ശക്തമായ മഴയെ തുടര്‍ന്ന് മിക്കയിടങ്ങളും വെള്ളത്തിനടിയിലായി. ഏക്കറുകണക്കിന് കൃഷിസ്ഥലങ്ങളും നിരവധി വീടുകളും പ്രളയത്തില്‍ തകര്‍ന്നു. പലയിടത്തും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി.
കോടിക്കണക്കിന് രൂപയുടെ നഷ്ടങ്ങളാണ് പലയിടത്തും ഉണ്ടായിരിക്കുന്നത്. പ്രളയക്കെടുതിയില്‍ ഓരോ സംസ്ഥാനങ്ങളിലുമുണ്ടായ നാശനഷ്ടങ്ങള്‍ കേന്ദ്ര സംഘം വിലയിരുത്തും. ഇതിന് ശേഷമായിരിക്കും സംസ്ഥാനങ്ങള്‍ക്ക് പ്രളയ ധനഹായമായി അധികഫണ്ട് നല്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.