സാവോ പോളോ: ആമസോണ്‍ കാട്ടുതീ അണയ്ക്കാന്‍ സൈന്യത്തെ നിയോഗിച്ചു ബ്രസീല്‍ സര്‍ക്കാര്‍. അന്താരാഷ്ട്ര തലത്തിലുള്ള സമ്മര്‍ദ്ദം ശക്തമായത്തോടെയാണ് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സൊനാരോ നടപടി സ്വീകരിച്ചത്.
ബ്രസീലിയന്‍ ആമസോണ്‍ പ്രദേശങ്ങളിലാവും സൈന്യം കാട്ടുതീ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. സുരക്ഷാ, പരിസ്ഥിതി സംരക്ഷണ ഏജന്‍സികളുമായി സഹകരിച്ചാണ് സൈന്യം പ്രവര്‍ത്തിക്കുന്നത്.
ബ്രസീലിന്റെ സാമ്പത്തിക മുന്നേറ്റത്തിന് തടസ്സം നില്‍ക്കുന്നത് മഴക്കാടുകളുടെ സംരക്ഷണമാണെന്ന ബോല്‍സൊനാരോ അഭിപ്രായം പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പിന് വഴിയൊരുക്കിയിരുന്നു. ബോല്‍സൊനാരോയ്ക്ക് എതിരെ സാവോപോളോയിലും റിയോ ഡി ജനീറോയിലും ആയിരക്കണക്കിന് ആളുകളാണ് അണിനിരന്നത്. ആമസോണ്‍ കാട്ടുതീയെ നേരിടാന്‍ ബ്രസീല്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തണമെന്നാവശ്യപ്പെട്ട് പാരീസ്, ലണ്ടന്‍, ജനീവ, ബോഗോട്ട എന്നി നയതന്ത്ര കേന്ദ്രങ്ങളില്‍ റാലികള്‍ നടത്തിയിരുന്നു.
ഈ വര്‍ഷം ഇതുവരെ 74,000 ത്തിലധികം തീപിടുത്തങ്ങളാണ് ബ്രസീലില്‍ ശാസ്ത്രജ്ഞര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ചയ്ക്കിടയില് 9,500ലധികം മേഖലകളിലേക്കാണ് തീ പടര്‍ന്നത്. തീപടരുന്ന സാഹചര്യമായതിനാല്‍ ബ്രസീലിലെ ഏറ്റവും വലിയ സംസ്ഥാനമായ ആമസോണില്‍ തിങ്കളാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.