ബഹ്റിന്: അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 5 ട്രില്ല്യണ്‍ ഡോളര്‍ വളര്‍ച്ച കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബഹ്റിനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്റിന് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് താന്‍. ഇത്തരമൊരു അവസരം ലഭിച്ചതില്‍ താന്‍ ഭാഗ്യവാനാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
നിങ്ങള്‍ക്കെല്ലാവര്‍ക്കും സെപ്റ്റംബര്‍ 7 എന്ന തിയതി ഓര്‍മ്മകാണും. ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചാന്ദ്രയാന്‍ അന്നേദിവസം ചന്ദ്രന്റെ ഉപരിതലത്തില്‍ തൊടും. ഇന്ന് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത് ചാന്ദ്രയാനെക്കുറിച്ചാണ്. ഇത്ര ചുരുങ്ങിയ ചിലവില്‍ ഇന്ത്യയ്ക്ക് ഇത്ര വലിയ ഫലം ഉണ്ടാക്കാന്‍ കഴിഞ്ഞതില്‍ മറ്റ് രാജ്യങ്ങള്‍ അതിശയിക്കുകയാണെന്നും മോദി പറഞ്ഞു.
ഇന്ത്യയില്‍ മോദിസര്‍ക്കാര്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യയിലെ എല്ലാ ജനങ്ങളും ഇന്ന് ബാങ്കിംഗ് സേവനം ഉപയോഗിക്കുന്നു. സാധാരണ കുടുംബങ്ങള്‍ പോലും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളുടെ ഉപയോക്താക്കളാണ്. ഏറ്റവും കുറഞ്ഞ നിരക്കില്‍ ഡാറ്റാ സേവനങ്ങള്‍ ലഭിക്കുന്ന രാജ്യം ഇന്ത്യയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റുപേ കാര്‍ഡ് ഉടന്‍ തന്നെ ബഹ്റിനിലും എത്തിക്കും. ബഹ്റിനില്‍ റുപേ കാര്‍ഡ് എത്തിക്കാന്‍ കഴിയുന്നതില്‍ താന്‍ അതീവ സന്തോഷവാനാണ്. ലോകമെമ്പാടുമുള്ളവര്‍ ഇന്ത്യയുടെ റുപേ കാര്‍ഡ് സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മനാമ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ വാര്‍ഷികോത്സവത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ സന്തോഷമുണ്ടെന്നും ബഹ്റിന്റെ സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി പ്രാര്‍ത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അരുണ്‍ ജയ്റ്റ്ലിയുടെ നിര്യാണത്തില്‍ അദ്ദേഹം അനുശോചനവും അറിയിച്ചു. തന്റെ സുഹൃത്തായ അരുണ്‍ ജയ്റ്റ്ലി രാജ്യത്തെയും ജനങ്ങളെയും വളരെയധികം സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം അവിശ്വസനീയമാണെന്നും താന്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അതീവ ദു:ഖിതനാണെന്നും മോദി പറഞ്ഞു.