മനാമ: ബഹറിന്‍ രാജ്യത്തിന്റെ ഔദ്യോഗിക ബഹുമതിയായ ‘ദ കിംഗ് ഹമാദ് ഓര്‍ഡര്‍ ഓഫ് ദ റിനൈസന്‍സ്’ പ്രധാന മന്ത്രി നരേന്ദ്രമോദി ഏറ്റുവാങ്ങി. ബഹറിന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയാണ് ബഹുമതി നല്കി ആദരിച്ചത്. ഗള്‍ഫ് മേഖലയിലെ പര്യടനത്തിന്റെ അവസാനദിവസമായ ഇന്ന് ബഹറിന്റെ തലസ്ഥാനമായ മനാമയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നവീകരണപ്രവര്‍ത്തനവും മടങ്ങും മുന്‍പ് മോദി ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് ഫ്രാന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പുറപ്പെടും.
അബുദാബിയിലെ സന്ദര്‍ശനത്തില്‍ ഓര്‍ഡര്‍ ഓഫ് സയ്യദ് ബഹുമതി ഏറ്റുവാങ്ങിയാണ് മനാമയിലെത്തിയത്. ‘ഞാന്‍ ഏറെ ബഹുമാനിക്കപ്പെട്ടതില് നന്ദി പറയുന്നു.ബഹറിന്‍ രാജാവിന്റെ സൗഹൃദത്തിനെ ഏറെ മതിപ്പോടെയും വിലമതിക്കാനാകാത്ത ബന്ധമായും കണക്കാക്കുന്നു. ഭാരതീയരായ 130 കോടി ജനങ്ങള്‍ക്കുള്ള ബഹുമതികൂടിയാണിത്.’ ബഹുമതി സ്വീകരിച്ചുകൊണ്ട് മോദി പറഞ്ഞു.
രാജാവുമായുള്ള സന്ദര്‍ശനത്തിന് മുന്നോടിയായി ബഹറിന്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ 15,000 ഭാരതീയരെ മോദി അഭിസംബോധന ചെയ്തു. തുടര്‍ന്ന് ബഹറിന്‍ പ്രധാനമന്ത്രി ഖലീഫാ ബിന്‍ സല്മാന് അല്‍ ഖലീഫ രാജകുമാരനുമായുള്ള കൂടിക്കാഴ്ചയില്‍ സാംസ്കാരിക, ബഹിരാകാശ മേഖലകളിലെ സംയുക്ത സഹകരണത്തിനായുള്ള ധാരണപത്രവും റൂപെ കാര്‍ഡിന്റെ വിനിമയസംവിധാനത്തിനും തുടക്കംകുറിച്ചു.
ഇന്ന് ഉദ്ഘാടനം ചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ 45000 ചതു.അടി വലിപ്പമുള്ള വിവാഹമന്ദിരവും എക്സ്ബിഷന് സെന്ററും ബഹറിന്‍ വിനോദ സഞ്ചാര വകുപ്പിന്റെ കൂടി സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.ഭാരതീയരായ തട്ടായ വ്യാപാരി സമൂഹത്തിന്റെ പേരിലാണ് ക്ഷേത്രമുള്ളത്.