ഇടുക്കി: പ്രസവം കഴിഞ്ഞ് ഉടന്‍ തന്നെ ഭാര്യയും നവജാത ശിശുവുമായി വിനോദയാത്ര പോകണമെന്ന വിചിത്ര ആവശ്യവുമായി ഭര്‍ത്താവ്. അടിമാലി താലൂക്ക് ആശുപത്രിയിലാണ് സംഭവം. മൂന്നാര്‍ ചെണ്ടുവര സ്വദേശിയായ നവീന്‍ തോമസാണ് വിചിത്ര ആവശ്യവുമായി ആശുപത്രിയില്‍ ബഹളമുണ്ടാക്കിയത്.
വെള്ളിയാഴ്ച്ച ഉച്ചയ്ക്കാണ് നവീനിന്റെ ഭാര്യ പ്രസവിച്ചത്. ഭാര്യ കുഞ്ഞിന് ജന്മം നല്കിയ സന്തോഷത്തില്‍ കൂട്ടുകാരനൊപ്പം അടുത്തുള്ള ബാറില്‍ പോയി നവീന്‍ മദ്യപിച്ചു. മദ്യപിച്ചു ലക്കുകെട്ട് ആശുപത്രിയിലെത്തിയ ഇവര്‍ ലേബര്‍ റൂമില്‍ തള്ളി കയറാന്‍ ശ്രമിച്ചു. ആശുപത്രി ജീവനക്കാര്‍ ഇത് തടയാന്‍ ശ്രമിച്ചതോടെ വാക്കു തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെയാണ് ഭാര്യയെ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യണമെന്നും ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം ഇന്ന് തന്നെ കൊടൈക്കനാലിലേക്ക്് വിനോദയാത്ര പോകണമെന്നും ഇയാള്‍ ആവശ്യപ്പെട്ടത്.
ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ ആശുപത്രി അധികൃതരോട് തട്ടിക്കയറുകയും ബഹളമുണ്ടാക്കുകയും ചെയ്തു. ഗത്യന്തരമില്ലാതെ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. ആശുപത്രിയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് നവീനെതിരെയും സുഹൃത്തായ സെല്‍വത്തെയും പൊലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.