സത്യമപ്രിയം

പിണറായി വിജയന്‍ സി പി എമ്മിലെ ലൂയി പതിന്നാലാമനോ?

ജി.കെ. സുരേഷ് ബാബു

മുഖ്യമന്ത്രി പിണറായി വിജയന്‍ സി പി എമ്മിലെ ലൂയി പതിന്നാലാമന്‍ ആണോ? ഐ ആം ദ സ്റ്റേറ്റ് എന്നുപറഞ്ഞ ലൂയി പതിന്നാലാമനെ വെല്ലുന്ന മിന്നല്‍ പ്രകടനമാണ് പിണറായി വിജയന്റേത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാടുകളെ തള്ളി ഞാനാണ് പാര്‍ട്ടി എന്ന് പിണറായി പ്രഖ്യാപിക്കുമ്പോള്‍ സി പി എം എന്ന പാര്‍ട്ടിയുടെ അടി പതറുക മാത്രമല്ല, അത് നിലയില്ലാ കയത്തിലേക്ക് നീങ്ങുക കൂടിയാണ്.

ആഗസ്റ്റ് 23 വെള്ളിയാഴ്ച സി പി എം സംസ്ഥാന സമിതിയ്ക്കുശേഷം ശബരിമല പ്രശ്‌നത്തില്‍ ചര്‍ച്ച നടത്തിയ സി പി എം സംസ്ഥാന സമിതിയുടെ തീരുമാനങ്ങള്‍ കോടിയേരി ബാലകൃഷ്ണനാണ് വിശദീകരിച്ചത്. സംസ്ഥാന സമിതി എടുത്ത തെറ്റു തിരുത്തല്‍ നയം അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ കോടിയേരി പ്രഖ്യാപിച്ചു. സി പി എം വിശ്വാസികള്‍ക്കൊപ്പമാണ്. ശബരിമലയില്‍ യുവതികളെ കയറ്റാന്‍ സി പി എമ്മോ സംസ്ഥാന സര്‍ക്കാരോ ശ്രമിച്ചിട്ടില്ല. വിശ്വാസികളുടെ താല്പര്യത്തിന് എതിരായി ശബരിമലയില്‍ യുവതികളെ കൊണ്ടുവരാന്‍ സി പി എമ്മോ സംസ്ഥാന സര്‍ക്കാരോ ഇനി ശ്രമിക്കുകയില്ല. വിശ്വാസത്തിന്റെ പ്രശ്‌നങ്ങളില്‍ ഇനിമേല്‍ പാര്‍ട്ടി അതീവ ജാഗ്രത പുലര്‍ത്തുമെന്നാണ് സംസ്ഥാന സമിതി തീരുമാനിച്ചതെന്നും കോടിയേരി വ്യക്തമാക്കി.

ആരാധനാലയങ്ങളും വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇനിമേല്‍ അതീവ ജാഗ്രതയും ശ്രദ്ധയും പുലര്‍ത്താന്‍ പാര്‍ട്ടി ശ്രമിക്കുമെന്ന് സംസ്ഥാന സമിതിയുടെ തീരുമാനം വിശദീകരിച്ച കോടിയേരി പറഞ്ഞു. ശബരിമല പ്രശ്‌നത്തില്‍ ഭക്തരെ തെറ്റിദ്ധരിപ്പിക്കാന്‍ ശക്തമായ ശ്രമം നടന്നുവെന്നും വിശ്വാസികളുടെ തെറ്റിദ്ധാരണ നീക്കാന്‍ പാര്‍ട്ടി ഒന്നാകെ രംഗത്തിറങ്ങുമെന്നും കോടിയേരി പറഞ്ഞു. ആറുദിവസത്തെ തുടര്‍ച്ചയായ നേതൃയോഗത്തിനു ശേഷമാണ് ശബരിമല പ്രശ്‌നത്തില്‍ നയംമാറ്റത്തിന് സി പി എം തീരുമാനിച്ചത്. സി പി എമ്മിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കരണം മറിച്ചിലാണ് ഇത് എന്നാണ് മാധ്യമങ്ങള്‍ പോലും വിലയിരുത്തിയത്.

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി അതേപടി നടപ്പാക്കുമെന്നും നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ഒരുവര്‍ഷം മുഴുവന്‍ ആവര്‍ത്തിച്ചത്. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെയും സംസ്ഥാന സമിതിയുടെയും യോഗങ്ങള്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കുറിച്ച് ഒരു വിലയിരുത്തലിന് മുതിരുകയോ സര്‍ക്കാര്‍ തീരുമാനങ്ങളെയും നടപടികളെയും തള്ളിപ്പറയുകയോ ചെയ്തില്ല. ശബരിമല ഇടതുമുന്നണിയുടെ വോട്ടുകളില്‍ വന്‍ ചോര്‍ച്ചയുണ്ടാക്കി എന്ന തിരിച്ചറിവ് സംസ്ഥാന സമിതിയുടെ തെറ്റുതിരുത്തല്‍ രേഖയില്‍ സ്ഥാനം പിടിച്ചു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 18 ല്‍ കൂടുതല്‍ വിജയിക്കുമെന്ന വിലയിരുത്തലായിരുന്നു തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും നടത്തിയത്. പക്ഷേ, വോട്ട് എണ്ണിയപ്പോള്‍ 19 സീറ്റുകളില്‍ തോല്‍ക്കുകയും ആലപ്പുഴയില്‍ കോണ്‍ഗ്രസ്സിന്റെ ഗ്രൂപ്പ് വഴക്കുകള്‍ കൊണ്ടു മാത്രം എ എം ആരിഫ് കഷ്ടിച്ച് വിജയിക്കുകയും ചെയ്തു.

സി പി എമ്മിന്റെയും ഇടതുമുന്നണിയുടെയും പരമ്പരാഗത ശക്തിദുര്‍ഗ്ഗങ്ങളില്‍ പോലും മുന്നണിയും പാര്‍ട്ടിയും തകര്‍ന്നടിയുന്നത് കേരളം കണ്ടു. ഈ തകര്‍ച്ച ശബരിമല പ്രശ്‌നത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടിനെ തുടര്‍ന്ന് ഹിന്ദു വീടുകളില്‍ പ്രത്യേകിച്ച് അമ്മമാര്‍ക്കും വനിതകള്‍ക്കും ഇടയില്‍ ചെലുത്തിയ സ്വാധീനമാണെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞു. സംസ്ഥാന സമിതിയ്ക്കു മുന്‍പ് ജനവികാരം അറിയാന്‍ വീടുവീടാന്തരം കയറിയ പാര്‍ട്ടിക്കാര്‍ക്ക് പാര്‍ട്ടിവീടുകളില്‍ നിന്നു തന്നെ ലഭിച്ച പ്രഹരം അവിശ്വസനീയമായിരുന്നു. വിശ്വാസത്തിന്റെ കാര്യങ്ങളില്‍ ഒരുതരത്തിലും പ്രകോപനങ്ങള്‍ക്ക് വഴങ്ങരുതെന്നും അത് പാര്‍ട്ടി അടിത്തറ തകര്‍ക്കുമെന്നും സംസ്ഥാന സമിതിയിലെ ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തില്‍ കോടിയേരി പറഞ്ഞു. പാറശ്ശാല മുതല്‍ കാസര്‍ഗോഡ് വരെയുള്ള പ്രതിനിധികള്‍ ശബരിമല വിഷയത്തില്‍ പാര്‍ട്ടി നിലപാട് തെറ്റി എന്ന കാര്യം ആണയിട്ട് പറഞ്ഞപ്പോഴാണ് കോടിയേരി ശബരിമല പറഞ്ഞ് ഇനിയും ഹിന്ദു വിശ്വാസികളെ പ്രകോപിപ്പിക്കേണ്ടെന്ന നിര്‍ദ്ദേശം നല്‍കിയത്.

കോടിയേരിയുടെ മറുപടിപ്രസംഗത്തില്‍, ‘ശബരിമലയില്‍ യുവതികളെ കയറ്റാന്‍ പാര്‍ട്ടിയോ സര്‍ക്കാരോ ശ്രമിച്ചിട്ടില്ല, ശ്രമിക്കുകയുമില്ല. എന്നാല്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതില്‍ ശത്രുവര്‍ഗ്ഗം വിജയിച്ചു. സ്ത്രീപുരുഷ സമത്വം ഉറപ്പുവരുത്തുന്ന സുപ്രീംകോടതി വിധി പാര്‍ട്ടിയും സംസ്ഥാനസര്‍ക്കാരും അംഗീകരിക്കുന്നു. കോടതി മറിച്ചൊരു നിലപാടെടുത്താല്‍ അതും സര്‍ക്കാര്‍ നടപ്പിലാക്കും’, കോടിയേരി പറഞ്ഞു. ഹിന്ദുമത വിശ്വാസികളെ വ്രണപ്പെടുത്തിയെന്ന ആരോപണം ശരിയല്ല. വിശ്വാസികള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് തെറ്റിദ്ധാരണ നീക്കാന്‍ മേല്‍ത്തട്ട് മുതല്‍ ലോക്കല്‍ കമ്മിറ്റി വരെയുള്ള പാര്‍ട്ടി ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിശ്വാസത്തിന്റെ കാര്യത്തില്‍ യാതൊരു വിലക്കും ഏര്‍പ്പെടുത്താല്‍ സി പി എം ശ്രമിക്കുന്നില്ലെന്ന് രേഖയില്‍ വ്യക്തമാക്കി. ക്ഷേത്രങ്ങളും കാവുകളുമടക്കം എല്ലാ ആരാധനാലയങ്ങളുമായും പാര്‍ട്ടിക്കാര്‍ ബന്ധപ്പെടുകയും പ്രവര്‍ത്തിക്കുകയും വേണമെന്ന് രേഖ നിര്‍ദ്ദേശിക്കുന്നു. ആരാധനാലയങ്ങളില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സൗകര്യം ഒരുക്കണം. മതകാര്യങ്ങളില്‍ പങ്കെടുക്കുന്നതിന് പാര്‍ട്ടിയുടെ വിലക്കില്ല. വിശ്വാസികള്‍ക്ക് പാര്‍ട്ടിയില്‍ അംഗമാകാം. പാര്‍ട്ടി അംഗങ്ങള്‍ക്ക് വിശ്വാസവുമാകാം. പക്ഷേ, നേതൃതലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ പാര്‍ട്ടിയുടെ നയം ഉയര്‍ത്തിപ്പിടിക്കണം. പാലക്കാട് പ്ലീനത്തിലെ ആ നയസമീപനങ്ങളുടെ അടിസ്ഥാനത്തില്‍ വേണം പാര്‍ട്ടി നേതൃത്വം മുന്നോട്ട് പോകാന്‍.

ശബരിമല പ്രശ്‌നത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ദോഷം ചെയ്‌തെന്ന് സംസ്ഥാന സമിതി വിലയിരുത്തി. വിശ്വാസികളിലെ ഒരു വന്‍ വിഭാഗം പാര്‍ട്ടിയെ എതിര്‍ക്കുന്ന നിലപാടിലേക്ക് നീങ്ങി. അവര്‍ ഇപ്പോഴും പാര്‍ട്ടിക്ക് എതിരായ നിലയില്‍ തന്നെയാണ്. അവരെ തിരിച്ചുകൊണ്ടുവരുക എന്ന ദൗത്യം പാര്‍ട്ടി ഒന്നടങ്കം ഏറ്റെടുക്കണമെന്ന് സംസ്ഥാന സമിതി വിലയിരുത്തി. നേരത്തെ മുഖ്യശത്രു യു ഡി എഫ് ആയിരുന്നെങ്കില്‍ ഇന്ന് കേന്ദ്രഭരണത്തിന്റെ സ്വാധീനവും പിന്‍ബലവുമുള്ള ബി ജെ പി ആ സ്ഥാനത്തേക്ക് കടന്നുവന്നു എന്ന രാഷ്ട്രീയമാറ്റം ഇടതുപക്ഷം ഉള്‍ക്കൊള്ളണമെന്ന് സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. ഹിന്ദുവര്‍ഗ്ഗീയതയും മുസ്ലീം വര്‍ഗ്ഗീയതയും കേരളത്തില്‍ വേരു പടര്‍ത്തുകയാണെന്നും സംസ്ഥാനസമിതി വിലയിരുത്തി.

ചൊവ്വാഴ്ച വീണ്ടും ശബരിമല വിഷയത്തില്‍ സംസ്ഥാന സമിതിയുടെ നിലപാട് കോടിയേരി ബാലകൃഷ്ണന്‍ ആവര്‍ത്തിച്ചു. വൃശ്ചികം ഒന്നിന് മണ്ഡലകാലം ആരംഭിക്കും മുന്‍പ് സി പി എമ്മിന്റെ തെറ്റുതിരുത്തല്‍ നയം വന്നതോടെ സുപ്രീംകോടതി വിധി വരും വരെ കാത്തിരിക്കാനുള്ള വിവേകം സി പി എമ്മും മുഖ്യമന്ത്രി പിണറായി വിജയനും കാട്ടുമെന്ന പ്രതീക്ഷയിലായിരുന്നു വിശ്വാസി സമൂഹം. എന്നാല്‍ ബുധനാഴ്ച കോടിയേരി പ്രഖ്യാപിച്ച പാര്‍ട്ടി തീരുമാനങ്ങള്‍ കാറ്റില്‍ പറത്തി താനാണ പാര്‍ട്ടി എന്ന പുതിയ പ്രഖ്യാപനവുമായി പിണറായി വിജയന്‍ രംഗത്തെത്തി. ശബരിമലപ്രശ്‌നത്തില്‍ യാതൊരു നിലപാടുമാറ്റവും ഇല്ലെന്നും സുപ്രീംകോടതി വിധിയനുസരിച്ച് സ്ത്രീകളെ കയറ്റുമെന്നുമാണ് മുഖ്യമന്ത്രി പ്രസ്താവിച്ചിട്ടുള്ളത്. പുതിയ കോടതിവിധി വരും വരെ പഴയ വിധിയിലെ നിലപാട് അനുസരിച്ച് മുന്നോട്ടു പോകുമെന്നാണ് പാര്‍ട്ടി തീരുമാനത്തെ തള്ളിപ്പറഞ്ഞുകൊണ്ട് പിണറായി പ്രഖ്യാപിച്ചിട്ടുള്ളത്.

ഏതായാലും പിണറായിയാണോ കോടിയേരിയാണോ ശരിയെന്ന് സി പി എമ്മിലെ ഹിന്ദുക്കളായ പാര്‍ട്ടിപ്രവര്‍ത്തകര്‍ തീരുമാനിക്കട്ടെ. സി പി എം യോഗങ്ങളില്‍ നിസ്‌ക്കാര കുപ്പായവും പായയും സ്ത്രീകള്‍ക്കിരിക്കാന്‍ പ്രത്യേക സ്ഥലവും ഒരുക്കി ന്യൂനപക്ഷ പ്രീണനത്തിന് നട്ടെല്ലുവളച്ച് നില്‍ക്കുന്ന പാര്‍ട്ടി സഖാക്കള്‍ ഹിന്ദു സമൂഹത്തിന്റെ വിശ്വാസത്തിന്റെ പ്രശ്‌നത്തില്‍ അനുവര്‍ത്തിക്കുന്ന വഞ്ചനയുടെ ഇരട്ടമുഖം ഇനിയെങ്കിലും മനസ്സിലാക്കണം. പാര്‍ട്ടി സഖാക്കള്‍ക്കെല്ലാം മുസ്ലീം പള്ളിയിലും ക്രിസ്ത്യന്‍ പള്ളിയിലും പോകാം. ചേര്‍ത്തലയില്‍ വോട്ടുപ്രചാരണത്തിനിടെ മുസ്ലീംപള്ളിയില്‍ നിസ്‌ക്കരിക്കാന്‍ പോയ എ എം ആരിഫിനെ ആരും തടഞ്ഞില്ല, പഴിച്ചില്ല. അത്യാവശ്യം സുഡാപ്പി ചുറ്റിക്കളിയും തീവ്ര ഇസ്ലാമികതയും പരസ്യമായി പ്രകടിപ്പിക്കുകയും ന്യൂനപക്ഷ സമുദായക്കാര്‍ക്കുവേണ്ടി മാത്രം ഒന്നിനു പുറകെ ഒന്നായി വിധവകള്‍ക്കുള്ള വീട് മുതല്‍ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്ന കെ ടി ജലീലിന് എതിരെയും നടപടിയില്ല. ഗുരുവായൂരില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കിടെ ഒന്ന് തൊഴുതുപോയ കടകംപള്ളി സുരേന്ദ്രന് പാര്‍ട്ടിയുടെ ശാസന നേരിടേണ്ടി വന്നു. ഇതാണോ കമ്യൂണിസ്റ്റ് മതേതരത്വം? ഇതാണോ സി പി എം പറയുന്ന സ്വാതന്ത്ര്യവും സമത്വവും? കേരളം അതിവേഗം ബംഗാളിന്റെയും ത്രിപുരയുടെയും പാതയില്‍ നീങ്ങുകയാണ്. അതിന്റെ സൂചനകള്‍ തന്നെയാണ് പിണറായിയുടെയും കോടിയേരിയുടെയും വാക്കുകള്‍ തമ്മിലുള്ള വ്യത്യാസം തുറന്നുകാട്ടുന്നത്. കലിയുഗവരദാ സ്വാമിയേ ശരണമയ്യപ്പാ!

593 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close