പത്തനംതിട്ട: ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് സുരക്ഷ കര്‍ശനമാക്കാനൊരുങ്ങി പോലീസ്. യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടുണ്ടായ നിലവിലെ സാഹചര്യം കണക്കിലെടുത്ത് മൂന്ന് മേഖലകളായി തിരിച്ചാണ് സുരക്ഷ കര്‍ശനമാക്കുന്നത്.
നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിങ്ങനെയുള്ള മൂന്ന് മേഖലകളായാണ് തിരിക്കുന്നത്. നിലയ്ക്കല്‍ ശബരിമലയുടെ പ്രധാന ഇടത്താവളമായതിനാല്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിച്ച് സുരക്ഷ ശക്തമാക്കാനാണ് പോലീസ് തീരുമാനിച്ചത്. സന്നിധാനത്തും കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കും.
മൂന്ന് എസ്പിമാര്ക്ക് സുരക്ഷാ ചുമതല നല്‍കും. നിലയ്ക്കല്‍ മുതല്‍ പമ്പവരെ സ്വകാര്യവാഹനങ്ങല് കടത്തിവിടില്ല.
ശബരിമലയിലേയ്ക്കുള്ള പ്രധാന പാതകളായ എരുമേലി പമ്പ വടശ്ശേരിക്കര പമ്പ എന്നിവിടങ്ങളില്‍ പട്രോളിങ്ങ് ശക്തമാക്കും.
അതോടൊപ്പം പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള കാനനപാതകളിലും സുരക്ഷ ശക്തമാക്കും. പ്ലാപള്ളി മുതല്‍ യാത്രക്കാരും വാഹനങ്ങളും ക്യാമറാ നിരീക്ഷണത്തിലായിരിക്കും. കേരളാ പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനം ഈ വര്‍ഷവും തുടരും.