Qatar

സ്‌പോണ്‍സറുടെ കള്ളക്കേസിനെ അതിജീവിച്ച്‌ യാത്ര സാധ്യമാക്കിയത്‌ ഇന്ത്യന്‍ എംബസിയുടെ സമയോചിത ഇടപെടല്‍, തുണയായത്‌ പുനര്‍ജനിയും ഒഎഫ്‌ഐയും.

ദോഹ. സ്‌പോണ്‍സറുടെ ചതിയിലും കള്ളക്കേസിലും കുടുങ്ങി ജയിലിലായ തിരുവനന്തപുരം സ്വദേശി അജിത്‌ സെല്‍വരാജ്‌ (30), ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ സമയോചിത ഇടപെടലില്‍ നാട്ടിലെത്തി. അജിത്തിന്റെ ദുരിതം എംബസിയുടെ ശ്രദ്ധയിലെത്തിച്ചതാവട്ടെ പുനര്‍ജനി പ്രവര്‍ത്തകരും. ഓവര്‍സീസ്‌ ഫ്രണ്ട്‌സ്‌ ഓഫ്‌ ഇന്ത്യ(ഒഎഫ്‌ഐ)യുടേയും കേരളീയം പ്രസിഡന്റ് ദുർഗാദാസിന്റെയും ഇടപെടൽ അജിത്തിനെ നാട്ടിലെത്തിക്കുന്നതില്‍ ഏറെ സഹായമേകി.

ആടുജീവിതത്തില്‍ നിന്നു രക്ഷപ്പെടാന്‍ ഉം സലാലിലെ സ്‌പോണ്‍സറുടെ(അറബി) വീട്ടില്‍ നിന്ന്‌ വെസ്‌റ്റ്‌ ബേയിലെ ഇന്ത്യന്‍ എംബസിയിലേക്ക്‌ അജിത്‌ നടന്നത്‌ കിലോമീറ്ററുകളാണ്‌. അതും മണലുരുകുന്ന ജൂലൈയിലെ 50 ഡിഗ്രി ചൂടില്‍. ഡ്രൈവറായി 2018 ഡിസംബര്‍ 23ന്‌ ആണ്‌ അജിത്‌ ഖത്തറില്‍ എത്തിയത്‌. മെഡിക്കല്‍, ബയോമെട്രിക്‌ പരിശോധനകള്‍ക്കു ശേഷം ഐഡി ലഭിച്ച്‌ ജോലിയില്‍ പ്രവേശിച്ചെങ്കിലും കരാര്‍ പ്രകാരമുള്ള വേതനം ലഭിച്ചില്ല. ഇതേക്കുറിച്ച്‌ പരാതിപ്പെട്ടത്‌ കൂടുതല്‍ പ്രശ്‌നമായി.

നിര്‍ദ്ദിഷ്‌ട വേതനം നല്‍കാനാവില്ലെങ്കില്‍ വീസ റദ്ദാക്കി നാട്ടിലയക്കണമെന്ന്‌ അപേക്ഷിച്ചതോടെ തുച്‌ഛശമ്പളവും നിഷേധിക്കപ്പെട്ടു. അജിത്തിന്റെ ദുരിതജീവിതം ബന്ധുക്കളില്‍ നിന്നു മനസിലാക്കിയ നാട്ടിലെ ബിജെപി നേതാവാണ്‌ വിഷയം ഖത്തറിലെ തിരുവനന്തപുരം സ്വദേശികളായ പുനര്‍ജനി പ്രവര്‍ത്തകരുടെ ശ്രദ്ധയിലെത്തിച്ചത്‌.

തൊഴിലുടമ എക്‌സിറ്റ്‌ നല്‍കാത്ത സാഹചര്യത്തില്‍ ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിലെ സേര്‍ച്ച്‌ ആന്‍ഡ്‌ ഫോളോ അപ്‌ വിഭാഗത്തിലൂടെ മാത്രമേ രാജ്യം വിടാനാവൂ എന്നും ഇതിനായി ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ എത്താനും പുനര്‍ജനി പ്രവര്‍ത്തകര്‍ അജിത്തിനോട്‌ ആവശ്യപ്പെട്ടു.

നിശ്‌ചിത സമയം കഴിഞ്ഞിട്ടും എംബസിയില്‍ എത്താഞ്ഞതിനെ തുടര്‍ന്നു ഫോണില്‍ വിളിച്ചപ്പോളാണ്‌ ഒരു റിയാല്‍ പോലും കൈയിലില്ലാത്തതിനാല്‍ ഉം സലാലില്‍ നിന്നു ദോഹയിലേക്ക്‌ താന്‍ നടക്കുകയാണെന്ന കാര്യം അജിത്‌ പറയുന്നത്‌. അപ്പോഴേക്കും 20 കിലോമീറ്ററോളം ഈ യുവാവ്‌ പിന്നിട്ടിരുന്നു. ഒടുവില്‍ പുനർജനി അംഗത്തിന്റെ നിര്‍ദേശപ്രകാരം അജിത്തിനെ എംബസിയില്‍ എത്തിച്ച മലയാളി ഡ്രൈവര്‍ തനിക്ക്‌ ടാക്‌സി ചാര്‍ജ്‌ വേണ്ടെന്നും അതു ചെലവിനായി കൈയില്‍ വച്ചുകൊള്ളാനും പറഞ്ഞു മടങ്ങി.

ജൂലൈ 28ന്‌ ഇന്ത്യന്‍ എംബസിയില്‍ നിന്ന്‌ സേര്‍ച്ച്‌ ആന്‍ഡ്‌ ഫോളോ അപ്‌ വിഭാഗത്തിലേക്ക്‌ എക്‌സിറ്റിനായി കത്തു നല്‍കി. ഈദ്‌ അവധി മൂലം നടപടികള്‍ അല്‍പം നീണ്ടു. എങ്കിലും ഐഡി അടിക്കുന്നതിനും മറ്റും ചെലവായ തുക കഴിച്ച്‌ ശമ്പളബാക്കി എന്ന നിലയില്‍ തുച്‌ഛമായ തുക നല്‍കാന്‍ തൊഴിലുടമ നിര്‍ബന്ധിതനായി.

ഒഎഫ്‌ഐ അംഗങ്ങളായ പ്രവീൺ രാജ്‌ കുമാര്‍, ദിലീപ്‌ എന്നിവരുടെയും, ദുർഗാദാസിന്റെയും സഹായത്തോടെ അജിത്തിന്‌ നാട്ടിലേക്ക്‌ ടിക്കറ്റെടുത്തു നല്‍കി. ഓഗസ്‌റ്റ്‌ 17ന്‌ രാവിലെ നാട്ടിലേക്കു പോകേണ്ടിയിരുന്ന അജിത്തിനെ ഇതിനിടയില്‍ അനുനയപൂര്‍വം വീട്ടിലേക്കു വിളിച്ചുവരുത്തിയ സ്‌പോണ്‍സര്‍ കള്ളക്കേസില്‍ കുടുക്കി വീണ്ടും അറസ്‌റ്റ്‌ ചെയ്യിച്ചു.

ഓഗസ്‌റ്റ്‌ 17ന്‌ അജിത്‌ നാട്ടിലെത്തിയില്ലെന്ന്‌ വീട്ടുകാരില്‍ നിന്നു മനസിലാക്കിയ പുനര്‍ജനി പ്രവര്‍ത്തകര്‍ വിഷയം വീണ്ടും ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയിലെത്തിച്ചു. തുടര്‍ന്ന്‌ എംബസി ഉദ്യോഗസ്‌ഥര്‍ നടത്തിയ ശക്‌തമായ ഇടപെടലില്‍ മോചിതനായ അജിത്‌ വ്യാഴാഴ്‌ച നാട്ടിലെത്തി.

ഇനിയൊരാളും തട്ടിപ്പുകാരുടെ വലയിൽ വീഴരുതെന്നും അംഗീകൃത ഏജന്റുമാര്‍ മുഖാന്തിരമല്ലാതെ വിദേശത്തു പോകുന്നവര്‍ക്ക്‌ തന്റെ ദുരിതം ഒരു പാഠമാകട്ടെ എന്നും നന്ദിയറിയിച്ച്‌ നാട്ടില്‍ നിന്നയച്ച സന്ദേശത്തില്‍ അജിത്‌ പറഞ്ഞു.

11 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close