സത്യമപ്രിയം

കേരളാ പോലീസ് ഇനിയെങ്കിലും നന്നാവുമോ?

ജി.കെ. സുരേഷ് ബാബു

കഴിഞ്ഞ ദിവസമാണ് പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ പോലീസുകാരുടെ ജാഗ്രതക്കുറവിനെ കുറിച്ചും ഉത്തരവാദിത്തമില്ലായ്മയെ കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. പക്ഷേ, കേരളാ പോലീസ് പൂര്‍ണ്ണമായും സ്‌കോട്‌ലാന്റ്‌യാര്‍ഡ് പോലീസ് ആകണമെന്നോ അമേരിക്കന്‍ പോലീസിനെ പോലെ നൂറുശതമാനം പ്രൊഫഷണല്‍ ആകണമെന്നോ ഒന്നും പറയാനുള്ള മണ്ടത്തരമില്ല. മാറിയ കാലത്തിനും സമൂഹത്തിന്റെ പുരോഗതിക്കും അനുസരിച്ച് കുറച്ചുകൂടി നിഷ്പക്ഷവും സത്യസന്ധവും സംസ്‌കാരസമ്പന്നരുമാകണം പോലീസ് സേന.

പഴയ ‘ഹേഡ് കുട്ടന്‍പിള്ള’മാരുടെ കാലം കഴിഞ്ഞു. അവരൊക്കെ പഴയ എട്ടാംക്ലാസ്സും ഗുസ്തിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പി എച്ച് ഡിക്കാര്‍ വരെ പോലീസ് കോണ്‍സ്റ്റബിള്‍മാരായി എത്തുന്നുണ്ട്. ഈ വിദ്യാഭ്യാസത്തിനനുസരിച്ച് പോലീസിന്റെ അന്വേഷണത്തിലും പ്രവര്‍ത്തനത്തിലും മികവുണ്ടാകണം. ശാസ്ത്രീയമായ കുറ്റാന്വേഷണ രീതികളിലേക്ക് പോലീസ് സേന മാറണം. ഭരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ വാലാട്ടികളായ നായക്കൂട്ടമാകാനല്ല ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പോലീസ് സേനയെ പരിപാലിക്കുന്നത്. അലക്‌സാണ്ടര്‍ ജേക്കബ്ബും ഹേമചന്ദ്രനും പോലീസ് അക്കാദമികളുടെയും ഹൈദരാബാദ് പോലീസ് അക്കാദമികളുടെയും ചുമതല വഹിച്ചിരുന്നവരാണ്. പ്രമുഖനായ ക്രിമിനോളജിസ്റ്റ് ജയിംസ് വടക്കുംചേരിയും പഴയ ഫോറന്‍സിക് വിദഗ്ദ്ധന്‍ വിഷ്ണുനമ്പൂതിരിയും ഒക്കെ ഈ തരത്തില്‍ കേരളാ പോലീസിന്റെ അഭിമാനമായിരുന്നവരാണ്. മുഖ്യമന്ത്രി പോലീസ് സംഘടനകളുടെ യോഗം വിളിച്ചിട്ടുമുണ്ട്.

ആശാസ്യമല്ലാത്ത പ്രവണതകള്‍ പോലീസില്‍ കടന്നുവരുന്നത് മുളയിലേ നുള്ളിയേ മതിയാകൂ. ഇതില്‍ ഒന്നാമത്തേത് പോലീസിന്റെ സേനാസ്വഭാവം കളയുന്ന രീതിയിലുള്ള അമിതമായ രാഷ്ട്രീയവത്കരണമാണ്. കോണ്‍ഗ്രസ്സിന്റെ കാലത്ത് കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റ് ഭരണകാലത്ത് കമ്യൂണിസ്റ്റുമാകുന്ന പോലീസ് സേനയല്ല നമുക്ക് വേണ്ടത്. ഏത് പാര്‍ട്ടി ഭരണത്തില്‍ വന്നാലും സത്യത്തിനനുസരിച്ച് നിയമത്തിനനുസരിച്ച് അന്തസ്സായി ജോലിചെയ്യുന്ന ഒരു പോലീസ് സേനയോട് ആര്‍ക്കും എന്നും എപ്പോഴും ബഹുമാനമേ ഉണ്ടാകൂ. ഐ ജി ചന്ദ്രശേഖരന്‍ നായരും മിന്നല്‍ പരമശിവന്‍ നായരും നല്ലമുട്ടം പത്മനാഭപിള്ളയും മുതല്‍ ടി പി സെന്‍കുമാര്‍ വരെയുള്ള നല്ല ഓഫീസര്‍മാരോട് പൊതുജനങ്ങള്‍ക്കുള്ള മതിപ്പിന്റെ കാരണവും ഇതാണ്. സത്യസന്ധരായ മികച്ച ഉദ്യോഗസ്ഥരെ ജനങ്ങള്‍ ആദരിക്കും.

1991 ല്‍ മാതൃഭൂമിയുടെ കോഴിക്കോട് ലേഖകനായിരിക്കെ പുതിയ മുഖ്യമന്ത്രി കെ കരുണാകരന്‍ ചുമതലയേറ്റപ്പോള്‍ മാനാഞ്ചിറ മൈതാനത്ത് സ്വീകരണം നല്‍കിയിരുന്നു. വേദിയിലേക്ക് കയറും മുന്‍പ് ഊരിയിട്ട ചെരുപ്പ്, മടങ്ങാന്‍ കാറില്‍ കയറുമ്പോള്‍ മറന്നത് എടുത്ത് ഓടിവന്ന ഡി ഐ ജിയുടെ ചിത്രം ഇന്നും ഓര്‍മ്മയിലുണ്ട്. പോലീസ് സേനയ്ക്ക് ഒരു അന്തസ്സുണ്ട്. കോണ്‍സ്റ്റബിള്‍ മുതല്‍ ഡി ജി പി വരെ അത് പാലിക്കണം. അത് പാലിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളേ കേരളാ പോലീസിന് ഉള്ളൂ.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകരെ പേടിച്ച് നീതി നടപ്പാക്കാന്‍ മടികാട്ടുന്ന പോലീസിനെ കഴിഞ്ഞ ദിവസവും കണ്ടു. ആ കലാലയത്തിന് ബീജാവാപം ചെയ്ത തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്ക് ഒരു സ്വപ്‌നമുണ്ടായിരുന്നു. ആ സ്വപ്‌നം സാധാരണ പൗരന്മാര്‍ ഉന്നത വിദ്യാഭ്യാസം നേടുന്നതായിരുന്നു. കഞ്ചാവും ലഹരിമരുന്നും ഗുണ്ടാപ്രവര്‍ത്തനവും അസന്മാര്‍ഗ്ഗിക ജീവിതത്തിനുമല്ല യൂണിവേഴ്‌സിറ്റി കോളേജ് തുടങ്ങിയത്. അവിടെ മുട്ടിടിച്ച് നില്‍ക്കുന്ന പോലീസിന്‍െ മറ്റൊരു ചിത്രം കഴിഞ്ഞദിവസം ധനുവച്ചപുരം കോളേജില്‍ കണ്ടു. പ്രിന്‍സിപ്പളിന്റെ അനുമതിയില്ലാതെ കോളേജിനകത്തു കടന്ന പോലീസ് വിദ്യാര്‍ത്ഥികളുടെ ഫോട്ടോ എടുക്കുകയും കാന്റീനില്‍ കയറി പഴയ ‘ഹേഡ് അങ്ങത്തമാരുടെ’ മാതൃകയില്‍ വിരട്ടുകയും ചെയ്തതാണല്ലോ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പളിനെ പൂട്ടിയിടാന്‍ കാരണം. കൂട്ടത്തില്‍ പോലീസ് ഉള്‍പ്പെട്ടു എന്നുപറഞ്ഞാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജു ഓണക്കാലമായിട്ട് ഒരുത്തനെയും വീട്ടില്‍ കിടത്തിയുറക്കുകയില്ല എന്ന് പറഞ്ഞ് സംസ്‌കാരരഹിതമായി പെരുമാറിയത്. കോളേജ്‌ഗേറ്റ് തുറന്നപ്പോള്‍ പിടിച്ചുകൊണ്ട് പോയി സ്‌റ്റേഷനില്‍വച്ച് പൊതിരെ തല്ലിയ രണ്ട് വിദ്യാര്‍ത്ഥികളും നിരപരാധികളായിരുന്നു. പ്രിന്‍സിപ്പള്‍ രേഖാമൂലം അനുമതി കൊടുക്കാതെ കാട്ടാക്കട പോലീസിന് എങ്ങനെ കാമ്പസില്‍ കയറി ഗുണ്ടായിസം നടത്താന്‍ കഴിഞ്ഞു?

ഇവിടെയാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ മുട്ടിടിച്ചു നില്‍ക്കുന്ന കേരളാ പോലീസ് ധനുവച്ചപുരത്ത് എത്തുമ്പോള്‍ ഗുണ്ടായിസം കാണിക്കുന്നത് ഭരണത്തിന്റെ സുഖശീതളിമയിലാണ്. മാത്രമല്ല, കോളേജ് പ്രിന്‍സിപ്പള്‍ എന്നുപറയുന്ന വിദ്വാന് പി എച്ച് ഡി ഉണ്ടെങ്കിലും നട്ടെല്ലിന് ബലമുണ്ട് എന്ന് തോന്നുന്നില്ല. ആണായാലും പെണ്ണായാലും സ്വന്തം സ്ഥാനമറിയുന്ന ഒരാള്‍ പ്രിന്‍സിപ്പള്‍ കസേരയില്‍ ഇരുന്നാല്‍ ധനുവച്ചപുരം കോളേജ് മര്യാദയ്ക്ക് നടക്കും. കഴിഞ്ഞ മൂന്നുമാസത്തിനിടെ ഒരു സംഘര്‍ഷവും അനിഷ്ടസംഭവവും ഉണ്ടാകാത്ത കോളേജില്‍ കഴിഞ്ഞദിവസം പോലീസ് കയറി സംഘര്‍ഷം സൃഷ്ടിച്ചത് രാഷ്ട്രീയം തന്നെയല്ലേ? ഇത്തരം ചീഞ്ഞ രാഷ്ട്രീയം അവസാനിപ്പിച്ചാലേ കേരളാ പോലീസ് നന്നാവൂ. എം ജി കോളേജില്‍ കുഴപ്പമുണ്ടാക്കിയ പഴയ മൂവര്‍ അദ്ധ്യാപകസംഘം ഇപ്പോള്‍ ധനുവച്ചപുരത്തുണ്ട്. കോളേജിനുള്ളിലെ രാഷ്ട്രീയ കലാപങ്ങള്‍ക്ക് ചരടുവലിക്കുന്നത് ഇവരാണെന്ന കാര്യം പരസ്യമായ രഹസ്യമാണ്. അദ്ധ്യാപകരുടെ രാഷ്ട്രീയം കളിക്കാനുള്ള വേദി കോളേജിന് പുറത്താണ്. കോളേജിനകത്ത് രാഷ്ട്രീയം കളിച്ചാല്‍ പരിഹാരം കാണാനുള്ള ഉത്തരവാദിത്തം രക്ഷാകര്‍ത്താക്കള്‍ക്കുണ്ട്. അങ്ങനെ രക്ഷാകര്‍ത്താക്കള്‍ ഇറങ്ങിയാല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജു പറഞ്ഞ കാര്യം – ഓണക്കാലമായി വീട്ടില്‍ കിടത്തിയുറക്കില്ല എന്നത് – സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും അദ്ധ്യാപകര്‍ക്കും ബാധകമാകും. മാതൃഭൂമിയുടെ മാനേജിംഗ് ഡയറക്ടര്‍ എം പി വീരേന്ദ്രകുമാര്‍ പലപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്, ‘ഒരാളിനെ നശിപ്പിക്കാനോ കൊല്ലാനോ മറ്റൊരാള്‍ തീരുമാനിച്ചാല്‍ അത് ചെറുക്കാന്‍ ലോകത്ത് മറ്റൊരാള്‍ക്കും കഴിയില്ല’. ഇതുതന്നെയാണ് ചാവേറുകളും പ്രായോഗികമാക്കുന്നത്. ദൃഢനിശ്ചയവും മൃദുഭാവവും ഒക്കെ പറയുന്ന പോലീസ് നീതിയുക്തമായി തന്നെ പ്രവര്‍ത്തിക്കണം. ഇല്ലെങ്കില്‍ ജനങ്ങള്‍ നിയമം കൈയിലെടുക്കും.

മുഖ്യമന്ത്രി വിളിക്കുന്ന സംഘടനകളുടെ യോഗത്തിലും ഇക്കാര്യം ഉറപ്പാക്കണം. അസോസിയേഷനുകള്‍ രാഷ്ട്രീയം കളിക്കാന്‍ പാടില്ല. ഇത് മാത്രമല്ല, കേരളാ പോലീസിലെ ഒരു വിഭാഗമെങ്കിലും ഇന്ന് കടുത്ത മതതീവ്രവാദ സ്വഭാവത്തിലേക്ക് മാറിയിരിക്കുന്നു. പച്ചവെളിച്ചം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സാപ് കൂട്ടായ്മ ഇതിന്റെ ഉദാഹരണമാണ്. കേരളാ പോലീസ് അതീവരഹസ്യമായി തീവ്ര-ഭീകരവാദ സ്വഭാവമുള്ളവരുടെ ടെലിഫോണ്‍-ഇന്റര്‍നെറ്റ് സന്ദേശങ്ങള്‍ ചോര്‍ത്താന്‍ തീരുമാനിച്ച വിവരവും ചോര്‍ന്നത് പോലീസ് ആസ്ഥാനത്തുനിന്നു തന്നെയായിരുന്നു. അബ്ദുള്‍ നാസര്‍ മദനിയെ അറസ്റ്റ് ചെയ്യാന്‍ കര്‍ണ്ണാടക പോലീസ് എത്തുന്നു എന്ന വിവരവും ചോര്‍ന്നത് പോലീസ് ആസ്ഥാനത്ത് നിന്നായിരുന്നു. കഴിഞ്ഞില്ല; കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനം ഉണ്ടായപ്പോള്‍ അതിര്‍ത്തി അടക്കാന്‍ പറഞ്ഞിട്ടും ഊമ ബാബു അടക്കമുള്ളവര്‍ കേരളത്തിലേക്ക് കടന്നതും പോലീസിന്റെ സഹായത്തോടെയായിരുന്നു. അടുത്തിടെ ഇസ്ലാമിക തീവ്രവാദത്തിന്റെ പേരില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം നടന്ന പ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയ ഇന്റലിജന്‍സ് വീഴ്ചയും കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. ഐ എസ് റിക്രൂട്ട്‌മെന്റും കൊച്ചിയിലെ അത്തര്‍ വ്യാപാരികളുടെ യോഗവും ഒക്കെ കേരളാ പോലീസ് അറിയുന്നത് എന്‍ ഐ എ വരുമ്പോള്‍ മാത്രമാണെന്നത് അഭിമാനമാണോ അപമാനമാണോ എന്ന് കേരളാ പോലീസ് സ്വയം തിരിച്ചറിയണം.

പോലീസ് സേനയ്ക്ക് ജാതിയും മതവുമില്ല. രാഷ്ട്രീയവുമില്ല. ആ കാക്കി യൂണിഫോമും പപ്പനാവന്റെ മുദ്രവച്ച തൊപ്പിയും അതാണ് അവരുടെ മതവും രാഷ്ട്രീയവും. രാഷ്ട്രവിരുദ്ധമായ കാര്യങ്ങളും ജനങ്ങളുടെ ജീവനെയും സ്വത്തിനെയും ബാധിക്കുന്ന കാര്യങ്ങളിലും നീതി പരിപാലനത്തിന്റെ എല്ലാ വശങ്ങളിലും പോലീസ്, പോലീസ് തന്നെയായിരിക്കണം. ഒരുതരത്തിലും ഒരു ദൗര്‍ബല്യവും പോലീസിനെ ബാധിക്കരുത്. അതിനുള്ള ശേഷി നേടുമ്പോള്‍ മാത്രമേ കേരളാ പോലീസ് പോലീസാവുകയുള്ളൂ. ഇപ്പോള്‍ സി ഐ ടി യു യൂണിയന്റെ സമാന്തരമായുള്ള പഴയ ഗോപാലസേനയായി പോലീസിനെ കാണുന്നെങ്കില്‍ അത് നിങ്ങള്‍ സൃഷ്ടിച്ചെടുത്തതാണ് എന്ന കാര്യം മറക്കരുത്.

98 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close