ഛണ്ഡീഗഢ് : ഗുരുദാസ്പൂരില്‍ പടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി. അപകടത്തില്‍ 21 പേര് കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അമൃത് സര് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. നിരവധിയാളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയിട്ടുണ്ട്.
പൊട്ടിത്തെറിയില്‍ ഫാക്ടറി പൂര്‍ണ്ണമായും തകര്‍ന്നു. അടുത്തുള്ള വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അറിയിച്ചു. സ്ഥലത്ത് രക്ഷപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉന്നത പോലീസ് മേധാവിയുടെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
സംഭവത്തില്‍ ഗുരുദാസ്പൂര്‍ എംപി സണ്ണിഡിയോള്‍ ദു: ഖം രേഖപ്പെടുത്തി. ദേശീയ ദുരന്തനിവാരണ സേനയും, സംസ്ഥാന ദുരന്തനിവാരണ സേനയും സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.