ഇഷ്കിലെ ആല്‍ബി എന്ന ശക്തമായ വില്ലന്‍ കഥാപാത്രത്തിനുശേഷം ഷൈന്‍ ടോം ചാക്കോ നായക വേഷത്തിലെത്തുന്ന ചിത്രം ആറാം തിരു കല്പനയുടെ ഫസ്ററ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ നിത്യമേനോനാണ് നായികയായെത്തുന്നത്. ഹൂ എന്ന സിനിമയ്ക്ക് ശേഷം അജയ് ദേവലോക കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷൈന്‍ ടോം ചാക്കോ പോലീസ് വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്.
മലബാറിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു മുഴുനീള ക്രൈം ത്രില്ലര്‍ ചിത്രമാണ് ആറാം തിരുകല്പന. ‘ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ല്‍ പറയുന്ന ‘Everyone has the right to life,liberty,and the security of person’ എന്നതും, കൊല ചെയ്യരുത് എന്ന ആറാം തിരുകല്പനയും ഒന്ന് തന്നെ’, ഇതാണ് ചിത്രത്തിന്റെ ഇതിവൃത്തം പറയുന്നത്.
മിഷന് മംഗള്‍, മിഷ്കിന്റെ സൈക്കോ എന്നീ സിനമകള്‍ക്ക് ശേഷം നിത്യാ മേനന് അഭിനയിക്കുന്ന സിനിമയാണ് ആറാം തിരുകല്പന. നിത്യയുടെ അമ്പതാമത് സിനിമ കൂടിയാണ് ആറാം തിരുകല്പന. ആറാം തിരുകല്പനയുടെ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ശ്യാം ശ്രീകുമാര്‍ മേനോനാണ്. കോറിഡോര്‍ സിക്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആറാം തിരുകല്പനയുടെ ഷൂട്ടിംഗ് ഒക്ടോബര്‍ അവസാനം ആരംഭിക്കും.