ന്യൂ ഡല്‍ഹി: ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയാണെങ്കില്‍ ചിദംബരത്തിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യാനാണ് സാധ്യത.
ജാമ്യം തടഞ്ഞുകൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി ഇന്ന് വിധി പറയുക. സിബിഐയുടെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തുള്ള ചിദംബരത്തിന്റെ ഹര്‍ജിയും സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഇതിനു പുറമേ, എയര്‍സെല്‍ മാക്സിസ് കേസില്‍ ചിദംബരവും കാര്‍ത്തി ചിദംബരവും നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഡല്‍ഹി പ്രത്യേക കോടതിയുടെ വിധിയും ഇന്നുണ്ടാകും.
ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ തനിക്ക് അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന് ചിദംബരം ഡല്‍ഹി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യം ഹൈക്കോടതി നിഷേധിച്ചതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 21 ന് രാത്രിയാണ് നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. അതിനുശേഷം ചിദംബരം സിബിഐ കസ്റ്റഡിയിലാണ്.