ഷാർജ : കൽബയിൽ സ്കൂൾ ബസ് തീ പിടിച്ച സംഭവത്തിൽ സഹപാഠികളെ സാഹസികമായി രക്ഷപ്പെടുത്തിയ സ്വദേശി ബാലൻ ഖലീഫ അബ്ദുല്ല അൽ കാബിയെ അഭിനന്ദിക്കാൻ യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേരിട്ടെത്തി. കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് പോയ ബസിന് തീ പിടിച്ചത്. ബസ്സിൽ പുക നിറഞ്ഞ ഉടനെ ഒപ്പമുണ്ടായിരുന്ന സഹപാഠികളെ ഖലീഫ അബ്ദുല്ല സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. സുഹൃത്തുക്കളെ രക്ഷിച്ചതിനു ശേഷം ഡ്രൈവറുടെ മൊബൈലിൽ നിന്നും പോലീസിനെ വിവരം അറിയിച്ചതും എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഈ മിടുക്കൻ ആയിരുന്നു.
പുതിയ തലമുറക്ക് അഭിമാനമാണ് ഖലീഫ അബ്ദുല്ലയുടെ പ്രവർത്തനമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. എല്ലാവരും ഖലീഫ അബ്ദുള്ളയോട് കടപ്പെട്ടിരിക്കുന്നു എന്നും, കുട്ടിയുടെ ധൈര്യവും, സമയോചിതവുമായ പ്രവർത്തനമാണ് മറ്റുള്ളവരെ രക്ഷപെടുത്തിയത് എന്നും അദ്ദേഹം പറഞ്ഞു. യു എ ഇ സിവിൽ ഡിഫൻസ് കമാണ്ടർ ഇൻ ചീഫ് മേജർ ജനറൽ ജാസിം മുഹമ്മദ് അൽ മർസൂഖി യും, ഷാർജ പോലീസ് വകുപ്പും നേരത്തെ ഖലീഫ അബ്ദുല്ലയുടെ ധീരതയെ ആദരിച്ച് പുരസ്കാരങ്ങൾ നൽകിയിരുന്നു.