ന്യൂഡൽഹി : മകളുടെ വിവാഹത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയക്കുമ്പോൾ രാജശേഖരന് അതിനു മറുപടി ലഭിക്കുമെന്ന പ്രതീക്ഷ പോലും ഉണ്ടായിരുന്നില്ല . എന്നാൽ വീട്ടുകാരെ അമ്പരിപ്പിച്ച് കൊണ്ടാണ് പ്രധാനമന്ത്രിയുടെ മറുപടി വന്നത് .
വിരമിച്ച മെഡിക്കൽ റിസർച്ചറും സൂപ്പർവൈസറുമായ തമിഴ്നാട് വെള്ളൂർ സ്വദേശി രാജശേഖരനാണ് മകൾ ഡോ . രാജശ്രീയുടെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയ്ക്ക് ക്ഷണക്കത്ത് അയച്ചത് , അതും പ്രത്യേകമായി തയ്യാറാക്കിയ ക്ഷണക്കത്ത് .ഈ മാസം 11 നാണ് വിവാഹം .
കത്ത് അയച്ചെങ്കിലും പ്രധാനമന്ത്രിയിൽ നിന്നും ഒരു മറുപടി പോലും രാജശേഖർ പ്രതീക്ഷിച്ചിരുന്നില്ല . എന്നാൽ അപ്രതീക്ഷിതമായി ആ മറുപടി അവരെ തേടിയെത്തി . ‘ താങ്കളുടെ മകൾ ഡോ . രാജശ്രീയും , ഡോ ,സുദർശനനും തമ്മിലുള്ള വിവാഹം നടക്കാൻ പോകുന്നതിൽ ഏറെ സന്തോഷമുണ്ട് . മഹത്തായ ഈ അവസരത്തിൽ എന്നെ ക്ഷണിച്ചതിൽ ഏറെ സന്തോഷമുണ്ട് .വധൂവരന്മാരുടെ ഭാവിജീവിതം എല്ലാ വിധ മംഗളങ്ങളും നിറഞ്ഞതാകട്ടെ ‘ മോദി ആശംസിച്ചു .
തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിൽ നരേന്ദ്രമോദിയ്ക്ക് തന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹം അയച്ച കത്ത് ഫ്രെയിം ചെയ്ത് സൂക്ഷിക്കാനുള്ള തീരുമാനത്തിലാണ് വീട്ടുകാർ.ഒരു നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നതിന്റെ ഓർമ്മയ്ക്ക് ..