യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഇച്ഛാശക്തിയുടെയും, ദീർഘ വീക്ഷണത്തിന്റെയും നിരവധി ഉദാഹരണങ്ങളിൽ പ്രഥമസ്ഥാനമാണ് ദുബായ് മെട്രോക്കുള്ളത്. 2006 മാർച്ച് 21 നാണ് ദുബായ് മെട്രോയുടെ നിർമാണ പ്രവർത്തനങ്ങൾ ഷെയ്ഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തത്. മൂന്നു വർഷങ്ങൾക്കപ്പുറം 2009 സെപ്റ്റംബർ മാസം ഒൻപതാം തീയതി രാത്രി ഒൻപത് മണി ഒൻപത് മിനിട്ടിന് മെട്രോയുടെ റെഡ് ലൈൻ ഉദ്ഘാടനവും ഷേഖ് മുഹമ്മദ് നിർവഹിച്ചു.
2011 സെപ്റ്റംബർ 9 നായിരുന്നു ഗ്രീൻ ലൈൻ പ്രവർത്തനം ആരംഭിച്ചത്. ലോകോത്തരമായ സുരക്ഷാ സംവിധാനങ്ങളുടെയും, സാങ്കേതികത്തികവിന്റെയും ഉദാഹരണമാണ് ദുബായ് മെട്രോ. റെഡ്, ഗ്രീൻ ലൈനുകളിലായി 75 കിലോമീറ്റെർ ദൈർഘ്യമുള്ള ദുബായ് മെട്രോ ലോകത്തിലെ ഏറ്റവും നീളമുള്ള ഡ്രൈവർ രഹിത മെട്രോയാണ്. കഴിഞ്ഞ പത്തു വര്ഷം കൊണ്ട് ഒന്നര ബില്യൺ യാത്രക്കാരെയാണ് ദുബായ് മെട്രോ സ്വീകരിച്ചത്. 650 യാത്രക്കാരെ ഉൾക്കൊള്ളുന്ന അഞ്ചു ക്യാബിനുകൾ ഓരോ ട്രെയിനിലും ഉണ്ട്. ലോകത്തിലെ പൊതുഗതാഗത സംവിധാനങ്ങളിൽ ഏറ്റവും കുറഞ്ഞ കാത്തിരിപ്പ് സമയമാണ് ദുബായ് മെട്രോക്കുള്ളത്, വെറും മൂന്നര മിനിറ്റ്.
പൊതുഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നതിലും, കൃത്യതയോടെ കാര്യക്ഷമമായി നിലനിർത്തുന്നതിലും ദുബായ് ലോകത്തിനാകെ മാതൃകയാണ്. ദുബായ് മെട്രോ പത്തു വർഷം പിന്നിടുമ്പോൾ കൂടുതൽ വികസനത്തിന്റെ പാതയിലാണ്. അടുത്ത വർഷം നടക്കുന്ന വേൾഡ് എക്സ്പോ വേദിയിലേക്കുന്ന മെട്രോയുടെ നിർമാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ എത്തിയിരിക്കുന്നു. ദുബായ് നിവാസികൾക്ക് മെട്രോ ഇന്ന് അവരുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ദുബൈയുടെ വിനോദസഞ്ചാര മേഖലക്ക് മെട്രോ സേവനം നൽകുന്ന ഊർജ്ജം ചെറുതല്ല.
——-ദുബായ് മെട്രോ അറിയേണ്ടത്—–
റെഡ്, ഗ്രീൻ ലൈനുകളിലായി ആകെ 75 കിലോമീറ്റർ നീളം.
റെഡ് ലൈൻ 52.1 കിലോമീറ്റർ. ഗ്രീൻ ലൈൻ 22.5 കിലോമീറ്റർ.
പൈതൃകം, ഭൂമി, വായു, ജലം, അഗ്നി എന്നീ ആശയങ്ങളിലായി നിർമിച്ച സ്റ്റേഷനുകൾ.
പ്രതിദിനം ആറര ലക്ഷം യാത്രക്കാർ.
പരമാവധി കാത്തിരിപ്പ് സമയം – മൂന്നര മിനിറ്റ്.
ഭൂമിക്കടിയിലുള്ള ലോകത്തിലെ ഏറ്റവും വലിയ മെട്രോ സ്റ്റേഷൻ – യൂണിയൻ മെട്രോ സ്റ്റേഷൻ
കോച്ചുകൾ വൃത്തിയാക്കാനായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ 80 ശതമാനവും, പുനരുപയോഗം ചെയ്തത്.
99.7% കൃത്യത പാലിക്കുന്ന യാത്രാ സംവിധാനം.