ഭാഗ്യവശാല്‍ അത് ക്യാമറയില്‍ പകര്‍ത്തി. ഇല്ലെങ്കില്‍ ആരും ഇത് വിശ്വസിക്കില്ലായിരുന്നു. ന്യൂസിലാന്റില്‍ നിന്നുള്ള സാമുവല്‍ കെംഫിന്റെ മിന്നല്‍ വേഗത്തിലുള്ള പ്രതികരണം സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
സാമുവല്‍ കെംഫ് സ്പെയിനിലെ ഒരു റോളര്‍ കോസ്റ്ററില്‍ സഞ്ചരിക്കുകയായിരുന്നു. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ അപരിചിതനായ ഒരു വ്യക്തിയുടെ ഫോണ്‍ താഴേക്ക് വീഴുന്നത് കെംഫിന്റെ ശ്രദ്ധയില്‍പ്പെട്ടു. പെട്ടെന്ന് തന്നെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹം വീഡിയോ യൂട്യൂബില്‍ പങ്കുവെച്ചതോടെയാണ് സംഭവം വൈറലായത്. 4 ദശലക്ഷത്തിലധികം ആളുകളാണ് യൂട്യൂബില്‍ വീഡിയോ കണ്ടത്. വീഡിയോയ്ക്ക് ആയിരക്കണക്കിന് പ്രതികരണങ്ങളാണ് ലഭിച്ചത്.
”വീഡിയോ ഇല്ലായിരുന്നുവെങ്കില്‍ ആരും ഇത് വിശ്വസിക്കില്ലായിരുന്നു”. ഒരാള്‍ കമന്റ് ചെയ്തു. ഇത്രയും വര്‍ഷത്തിനിടയില്‍ ഇന്റനെറ്റില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും രസകരമായ കാര്യമാണിതെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
‘അദ്ദേഹത്തിന് ഇത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഫോണ്‍ കൈമാറിയപ്പോള്‍ അദ്ദേഹം എനിക്ക് ഒരു വലിയ ആലിംഗനം നല്കി’. സംഭവത്തില്‍ ഫോണിന്റെ ഉടമയും സ്തബ്ധനായതായി കെംഫ് പറഞ്ഞു.