കൊച്ചി: ഓണത്തിരക്കില്‍ അടിച്ച് പൊളിച്ച് മെട്രോയും. ഓണ തലേന്നായ ഉത്രാട ദിനത്തില്‍ മെട്രോയില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടതെന്ന് കെഎംആര്‍എല്‍. മെട്രോയില്‍ ഓരോ മണിക്കൂറിലും 8000 പേരാണ് യാത്ര ചെയ്തത്. ഇന്നലെ വൈകീട്ട് ആറു മണിക്കുള്ളില്‍ യാത്രക്കാരുടെ എണ്ണം 64,704 ആയിരുന്നു. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അത് 72,554 ആയി ഉയര്‍ന്നു.
സാധാരണ റോഡിലും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളിലും കാണാറുള്ള തിരക്ക് ഇത്തവണ മെട്രോ സ്റ്റേഷനുകളിലായിരുന്നു. ആലുവ ഭാഗത്തേക്കും തൈക്കൂടം ഭാഗത്തേക്കും ഒരുപോലെ തിരക്ക് അനുഭവപ്പെട്ടതായി മെട്രോ അധികൃതര്‍ അറിയിച്ചു. മെട്രോ തൈക്കൂടം ലൈന്‍ ഉദ്ഘാടനം ചെയ്ത സെപ്റ്റംബര്‍ മൂന്നിന് ആകെ യാത്രക്കാര്‍ 39,936 മാത്രമായിരുന്നു. എന്നാല്‍ തൈക്കൂടത്തേക്കു സര്‍വീസ് ആരംഭിച്ച ദിവസം യാത്രക്കാരുടെ എണ്ണം 65,285 ആയി ഉയര്‍ന്നു.
ആലുവ റൂട്ടില്‍ ഏഴു മിനിറ്റ് ഇടവിട്ടും തൈക്കൂടത്തേക്കു പുതിയ ലൈനില്‍ 14 മിനിറ്റ് ഇടവിട്ടുമാണ് ട്രെയിനുകള്‍ ഓടുന്നത്. എന്നിട്ട് പോലും തിരക്കിന് കുറവുണ്ടായില്ലെന്ന് അധികൃതര്‍ പറഞ്ഞു. സെപ്റ്റംബര്‍ ഏഴിലേക്ക് എത്തിയപ്പോള്‍ യാത്രക്കാരുടെ എണ്ണം 95,285 എന്ന നമ്പറിലേക്ക് എത്തി. മെട്രോ സ്റ്റേഷനുകളില്‍ നിന്ന് ഓട്ടോറിക്ഷാ സര്‍വീസ് കൂടി ആരംഭിക്കുന്നതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിയുമെന്നാണു പ്രതീക്ഷിക്കുന്നത്.
തൈക്കൂടം പുതിയ ലൈന്‍ ആരംഭിച്ചതോടെ ടിക്കറ്റ് നിരക്കിലും ഇളവ് വരുത്തിയിരുന്നു. സാധാരണ ടിക്കറ്റ് നിരക്കിന്റെ പകുതി നിരക്കാണ് നിലവില്‍ ഈടാക്കുന്നത്. അതുകൊണ്ടു തന്നെ പുതിയ ലൈന്‍ ആരംഭിച്ചതോടെ മെട്രോ സര്‍വീസില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. സെപ്റ്റംബര്‍ 18 വരെയാണ് കെഎംആര്‍എല്‍ മെട്രോയുടെ ഈ ഇളവ്. കൊച്ചി വണ്‍ കാര്‍ഡിനും കൂടുതല്‍ ആവശ്യക്കാരെത്തുന്നുണ്ട്. പുതിയ അഞ്ച് സ്റ്റേഷനുകള്‍ കൂടി വന്നതോടെ കൊച്ചി മെട്രോയില്‍ ഇപ്പോള്‍ ഇരുപത്തൊന്ന് സ്റ്റേഷനുകളാണ് ഉള്ളത്.