ഡെറാഡൂണ്‍: പബ്ജി കളിക്കാന്‍ അനുവദിക്കാത്തിന് പിതാവിനെ മകനും ഭാര്യാ സഹോദരനും ചേര്‍ന്ന് ആക്രമിച്ചു. ഉത്തരാഖണ്ഡ് സ്വദേശിയായ സത്നം ചോപ്രയെയാണ് മകന് അര്‍ണബ് ചോപ്രയും ഭാര്യാസഹോദരനും ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഇരുവര്‍ക്കുമെതിരെ സത്നം ചോപ്ര പൊലീസില്‍ പരാതി നല്കി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി രുദ്രാപൂര്‍ പൊലീസ് അറിയിച്ചു.
പബ്ജി കളിക്കുന്നതു തടഞ്ഞതിന് പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയ വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കര്‍ണാടകയിലെ ബെലഗാവി കക്കാട്ടിയില് സിദ്ധേശ്വര്‍ നഗറില്‍ താമസിക്കുന്ന റിട്ട. ഹെഡ് കോണ്‍സ്റ്റബിള്‍ ശങ്കര്‍ ദേവപ്പ കുമ്പാറെയാണ് മകന് രഘുവീര്‍ കുമ്പാറ അതിക്രൂരമായി കൊലപ്പെടുത്തിയത്.
യുവാവ് സ്ഥിരമായി പുലര്‍ച്ചെ വരെ പബ്ജി കളിക്കുന്നത് പതിവായിരുന്നു. ഇതേ തുടര്‍ന്ന് ഞായറാഴ്ച രാത്രി പിതാവ് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി. ഇതില്‍ പ്രകോപിതനായ രഘുവീര്‍ കുടുംബാംഗങ്ങളെ മുറിയില്‍ പൂട്ടിയിട്ടതിനു ശേഷം പിതാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.