തിരുവനന്തപുരം: തിരുവോണ നാളില്‍ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ഓണവില്ല് സമര്‍പ്പിച്ച് കരമന മേലാറന്നൂര്‍ ഓണവില്ല് കുടുംബം. നൂറ്റാണ്ടുകളായി തുടരുന്ന ചടങ്ങാണ് ഇപ്പോഴും വ്രതശുദ്ധിയോടെ തുടരുന്നത്.
തിരുവോണ നാളിലാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഓണവില്ല് സമര്‍പ്പണം നടക്കുന്നത്. ഇന്ന് രാവിലെ പ്രഭാതപൂജയ്ക്ക് ശേഷമാണ് ഓണവില്ല് സമര്‍പ്പണച്ചടങ്ങ് നടന്നത്. ഓണവില്ല് കുടുംബാംഗങ്ങള്‍ നേരിട്ടെത്തി ഭഗവാന് സമര്‍പ്പിച്ചു. അഭിശ്രവണ മണ്ഡപത്തില്‍ മൂന്നുനാള്‍ പൂജിക്കുന്ന ഓണവില്ലുകള്‍ പിന്നീട് രാജകുടുംബത്തിലേക്കും ഭക്തര്‍ക്കും നല്‍കും. ഓണവില്ല് സമര്‍പ്പണത്തിന് നേരിട്ടെത്താന്‍ ഭാഗ്യം ലഭിച്ചെന്നും ഭക്തി നിര്‍ഭരമായ അനുഭവമാണെന്നും സിനിമാ സീരിയല്‍ താരം പ്രീത പറഞ്ഞു.
പ്രായഭേദമന്യേ ഓണവില്ല് കുടുംബത്തിലെ അംഗങ്ങളെല്ലാം തന്നെ ക്ഷേത്രത്തിലെത്തി. ഇനി അടുത്ത തിരുവോണ നാളിനും ഓണവില്ല് സമര്‍പ്പണത്തിനുമുള്ള കാത്തിരിപ്പാണ് ഈ കുടുംബം.