തൃശ്ശൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ തിരുവോണം ആഘോഷം വിപുലമായി. തിരുവോണപ്പുലരിയില്‍ ദര്‍ശനത്തിനായി വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പ്രത്യേക വിഭവങ്ങളോടെ ഒരുക്കിയ ഓണ സദ്യയിലും പതിനായിരങ്ങള്‍ പങ്കെടുത്തു.
ക്ഷേത്രത്തില്‍ രാവിലെ 7 ന് കാഴ്ചശീവേലിക്ക് ഗജരത്നം പത്മനാഭനാണ് കോലമേറ്റിയത്. പഞ്ചാരിമേളത്തോടെയായിരുന്നു കാഴ്ചശീവേലി. തിരുവോണപ്പുലരിയില്‍ കണ്ണനെ കണികാണാന്‍ പുലര്‍ച്ചെ മുതല്‍ ഭക്തര്‍ കിഴക്കേ ഗോപുര നടയില്‍ ഇടംപിടിച്ചിരുന്നു. ക്രമേണ ക്ഷേത്രത്തില്‍ തിരക്ക് വര്‍ധിച്ചു. ഉച്ചപൂജക്ക് കാളന്, ഓലന്‍, എരിശ്ശേരി എന്നിവയക്ക് പുറമെ പഴപ്രഥമനും, പഴം നുറുക്കും നിവേദിച്ചു .
രാവിലെ 9 മുതല്‍ പടിഞ്ഞാറെ നടയിലെ അന്ന ലക്ഷ്മി ഹാളിലും തെക്കേ നടയില്‍ പ്രത്യേകം ഒരുക്കിയ പന്തലിലുമായിരുന്നു ഭക്തര്‍ക്കായി ഓണസദ്യ വിളമ്പിയത്. ഉച്ചക്ക് രണ്ട് മണി വരെ ഓണസദ്യ നീണ്ടു. രാത്രി 9 ന് തിരുവോണ വിളക്കും പ്രദക്ഷിണവുമാണ് ഓണവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍. ഉത്രാടം നാളില്‍ നിരവധി ഭക്തര്‍ ഭഗവാന് കാഴ്ച്ചക്കുല സമര്‍പ്പിച്ചിരുന്നു.