മഥുര: പ്ലാസ്റ്റിക് മാലിന്യത്തിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മാലിന്യ കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് വേര്‍തിരിക്കുന്ന സ്ത്രീകളെ സഹായിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ ദേശീയ മാദ്ധ്യമങ്ങള്‍ പുറത്ത് വിട്ടു.
രാജ്യത്ത് നിന്നും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യുന്നതിന്റെ തീവ്ര യജ്ഞ പരിപാടിയായ സ്വച്ഛത ഹെ സേവാ പദ്ധതിയുടെ പ്രവര്‍ത്തന പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. ഇതിനിടെയാണ് സ്ത്രീകള്‍ മാലിന്യത്തില്‍ നിന്നും പ്ലാസ്റ്റിക് വേര്‍തിരിക്കുന്നത് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെയാണ് മാലിന്യ കൂമ്പാരത്തില്‍ നിന്നും പ്ലാസ്റ്റിക് വേര്‍തിരിക്കുന്ന സ്ത്രീ തൊഴിലാളികളോടൊപ്പം ഇരുന്ന് പ്രധാനമന്ത്രിയും ജോലിയില്‍ പങ്കാളിയായത്.
ഉത്തര്‍ പ്രദേശിലെ മഥുരയിലെത്തിയ അദ്ദേഹം ഗോശാല സന്ദര്‍ശിച്ചു. തുടര്‍ന്ന് നാഷണല്‍ ഡിസീസ് കണ്ട്രോള്ഡ് പ്രോഗ്രാം(ദേശീയ മൃഗരോഗ നിയന്ത്രണ പരിപാടി), നാഷണല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്സെമിനേഷന് പ്രോഗ്രാം(ദേശീയ കൃത്രിമ ബീജസങ്കലന പരിപാടി) തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.
പശുക്കള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളില്‍ കണ്ടു വരുന്ന ബ്രൂസെലസ് എന്ന മാരക അസുഖത്തില്‍ നിന്നും മൃഗങ്ങളെ പൂര്‍ണമായും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള പുതിയ പദ്ധതികള്‍ നടപ്പിലാക്കിയത്. ബ്രൂസെലസ് അസുഖത്തിനെതിരെ പോരാടുന്നതിന്റെ ഭാഗമായി 36,000 പശുക്കള്‍ക്ക് വാക്സിനേഷന് നല്‍കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. 2025-ഓടെ പദ്ധതി പൂര്‍ണമായും നടപ്പാക്കും. 2030 ഓടെ ബ്രൂസലെസ് രോഗം രാജ്യത്തു നിന്നും പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യും.