ജനീവ :കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് കനത്ത തിരിച്ചടി. വിഷയത്തില്‍ യുഎന്‍ ഇടപെടില്ല. വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക് അറിയിച്ചു. ഇതോടെ പാകിസ്ഥാന്റെ അവസാന പ്രതീക്ഷയും തകര്‍ന്നടിഞ്ഞു.
കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. അതില്‍ മൂന്നാമതൊരു ഇടപെടല്‍ ആവശ്യമില്ല. ഉഭയകക്ഷി വിഷയമായതിനാല്‍ ഇരു രാജ്യങ്ങളും ചര്‍ച്ചചെയ്ത് രമ്യതയിലെത്തണമെന്നും യുഎന്‍ വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് വിഷയത്തില്‍ പാകിസ്ഥാന് യുഎന്നില്‍ നിന്നും തിരിച്ചടി നേരിടുന്നത്.
ജി 7 ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാക് വിദേശകാര്യമന്ത്രി ഷാ മൊഹമ്മദ് ഖുറേഷിയുമായും യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ഇടപെടില്ലെന്ന് യുഎന്‍ ഔദ്യോഗികമായി അറിയിച്ചത്.
കഴിഞ്ഞ ദിവസം കശ്മീര്‍ വിഷയം പാകിസ്ഥാന് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഉന്നയിച്ചിരുന്നു. കശ്മീര്‍ അശാന്തമാണെന്നും സാധാരാണ നിലയിലാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇന്ത്യ നിരന്തരം ശ്രമിക്കുകയാണെന്നുമായിരുന്നു പാക് വിദേശകാര്യമന്ത്രി ഷാ മൊഹമ്മദ് ഖുറേഷി കൗണ്‍സിലില്‍ ആരോപിച്ചത്.
എന്നാല്‍ പാകിസ്ഥാന് നിരത്തിയ പൊള്ളയായ ആരോപണങ്ങള്‍ക്കെതിരെ ഇന്ത്യയും ആഞ്ഞടിച്ചു. ഭീകരരുടെ താവളമായ പാകിസ്ഥാന് ആരോപണങ്ങള്‍ മനപ്പൂര്‍വ്വം കെട്ടിച്ചമച്ചതാണെന്ന് ഇന്ത്യ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് പാകിസ്ഥാന് പ്രഹരം ഇരട്ടിയാക്കി വിഷയത്തില്‍ ഇടപെടില്ലെന്ന് യുഎന്‍ വ്യക്തമാക്കിയത്.