ടെഹ്റാന്: ഇറാന് ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ അനധികൃതമായി കയറാന്‍ ശ്രമിച്ചതിന് നിയമ നടപടി ലഭിച്ച ഫുട്ബോള്‍ ആരാധിക തീകൊളുത്തി മരിച്ചു. എസ്തെഗ്ലല്‍ ഫുട്ബോള്‍ ടീമിന്റെ കടുത്ത ആരാധികയായിരുന്ന സഹര്‍ ഖൊഡയാരിയാണ് ആത്മഹത്യ ചെയ്തത്.
ഇറാനില്‍ ഫുട്ബോള്‍ കളി കാണാന്‍ സ്ത്രീകള്‍ക്ക് അനുവാദമില്ല. എന്നാല്‍ ടീമിനോടുള്ള ആരാധന കാരണം പുരുഷ വേഷത്തിലാണ് സഹര്‍ കളി കാണാന്‍ സ്റ്റേഡിയത്തില്‍ എത്തിയത്. എന്നാല്‍ പോലീസിന്റെ പിടിയിലകപ്പെട്ട സഹറിന് 3 ദിവസം ജയിലില്‍ കഴിയേണ്ടി വന്നു.കേസില്‍ വിധി വരുന്നതിന് മുമ്പേ മറ്റാരോ പറഞ്ഞ് തനിക് 6 മാസം തടവ് ശിക്ഷ വിധിച്ചു എന്ന് കേട്ടാണ് സഹര്‍ കോടതി മുറിക്ക് പുറത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി കഴിഞ്ഞ ദിവസം ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു.
എസ്തെഗ്ലല്‍ ടീമിന്റെ നീല ജഴ്സിയണിഞ്ഞാണ് സഹര്‍ കളി കാണാന്‍ എത്തിയത്. അതിനാല്‍ ‘നീല പെണ്‍കുട്ടി’ എന്നാണ് സഹറിനെ വിശേഷിപ്പിക്കുന്നത്. സഹറിന്റെ മരണത്തെ തുടര്‍ന്ന് നഗരത്തില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. വോളിബോള്‍ അടക്കമുള്ള മത്സരങ്ങള്‍ കാണാന്‍ സ്ത്രീകള്‍ക്ക് വിലക്കില്ല. കൂടാതെ ഇറാന്റെ ദേശീയ ടീം ഒക്ടോബറില്‍ കംബോഡിയയുമായി ഏറ്റുമുട്ടുമ്പോള്‍ വനിതകള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കാനും അനുമതിയുണ്ട്.
പ്രതിഷേധത്തെ തുടര്‍ന്ന് ഇറാനിലെ ഫുട്ബോള്‍ സ്റ്റേഡിയങ്ങള്‍ ബഹിഷ്കരിക്കാന്‍ പ്രമുഖ ഫുട്ബോള്‍ താരം അലി കരിമി ആവശ്യപ്പെട്ടു. ആരാധികയുടെ മരണത്തില്‍ എസ്തെഗ്ലല്‍ ടീം അനുശോചിച്ചു. ഇറാനിലെ ഒരു പ്രധാന സ്റ്റേഡിയത്തിന് സഹറിന്റെ പേരിടണമെന്നാണ് ഇവരുടെ ആവശ്യം.