ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വയിലേക്ക് ആയുധങ്ങളുമായി പോവുകയായിരുന്ന ട്രക്ക് പോലീസ് പിടികൂടി. ജമ്മു പഞ്ചാബ് അതിര്‍ത്തിയില്‍ വെച്ചാണ് ട്രക്ക് പോലീസ് പിടികൂടിയത്. ട്രക്കില്‍ നിന്ന് ആറ് എകെ 47 തോക്കുകളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ട്രക്കില്‍ കൂടുതല്‍ ആയുധങ്ങള്‍ ഉണ്ടോയെന്ന് സംഘം പരിശോധിക്കുകയാണ്.
ഇന്ന് രാവിലെയായിരുന്നു സംഭവം. കത്വയിലേക്ക് ആയുധങ്ങള്‍ കടത്തുന്നതായി നേരത്തെ തന്നെ പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ട്രക്ക് പിടികൂടിയത്. ഭീകരര്‍ക്ക് നല്‍കാനാണ് ആയുധങ്ങള്‍ കൊണ്ടു പോകുന്നതെന്നാണ് പ്രാഥമിക നിഗമനം. പിടിയിലായവരെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുകയാണ്. നിരവധി തവണയാണ് അതിര്‍ത്തിയില്‍ വെടിനിര്‍്ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം ആക്രമണം നടത്തിയത്. പാക് സൈന്യം ഇന്ത്യയിലേക്ക് കടക്കാന്‍ ഭീകരര്‍ക്ക് സഹായം നല്‍കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. രജൗരി, പൂഞ്ച്, ഗുരേസ്, കര്‍ണാഹ്, കേരന്‍, ഗുല്‍മാര്‍ഗ് എന്നീ മേഖലകളില്‍ ഭീകരരുടെ നുഴഞ്ഞ് കയറ്റ ശ്രമങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതായി ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബഗ് സിംഗ്് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം സൈന്യവുമായുണ്ടായ ഏറ്റു മുട്ടലില്‍ ലഷ്കര്‍ ഇ ത്വയ്ബ ഭീകര നേതാവിനെ ഏറ്റുമുട്ടലിനിടെ സൈന്യം വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആയുധങ്ങളുമായെത്തിയ ട്രക്ക് പിടികൂടിയത്.
കശ്മീര്‍ വിഷയം അന്തരാഷ്ട്ര തലത്തില്‍ എത്തിക്കാന്‍ പാകിസ്ഥാന് നിരവധി തവണ കഠിന ശ്രമം നടത്തിയിരുന്നു. എന്നാല്‍ കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നാണ് ലോകരാജ്യങ്ങള്‍ ആവര്‍ത്തിച്ചത്. പാകിസ്ഥാന് കനത്ത പ്രഹരം നല്‍കിക്കൊണ്ട് വിഷയത്തില്‍ ഇടപെടില്ലെന്ന് യുഎന്നും വ്യക്തമാക്കിയിരുന്നു. ഇത് പാകിസ്ഥാനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്
അതേസമയം ഭീകരക്രമണ സാധ്യത മുന്‍നിര്‍ത്തി കനത്ത സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. പാകിസ്ഥാന് നടത്തുന്ന ചെറിയ ആക്രമണങ്ങള്‍ക്ക് പോലും ശക്തമായ തിരിച്ചടി നല്‍കുമെന്ന് സൈന്യവും അറിയിച്ചിട്ടുണ്ട്.