Kerala

നാലാം ഓണനാളായി …നാട്ടിലെങ്ങും പുലിയിറങ്ങാൻ സമയമായി

രാജേഷ് ചന്ദ്രൻ

തൃശ്ശൂർ : ഓണത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഒരുഭാഗത്തു ഒളിമങ്ങാതെ നിൽക്കുമ്പോൾ ജനമനസ്സുകളെ ഒന്നിപ്പിക്കുന്നതു ഓണക്കളികളാണ് എന്നതിൽ നമുക്കാർക്കും സംശയമുണ്ടാകില്ല .ഇവിടെ എന്ത് കളി കളിച്ചാലും ഒരു കൂട്ടർ നാട്ടിലിറങ്ങിയില്ലെങ്കിൽ ഓണം കൊഴുക്കില്ല .നാലാം ഓണം വരവായി ,തൃശ്ശൂരിലെ തെരുവീഥികളിൽ പുലികളിറങ്ങുകയായി .

പറഞ്ഞുവരുന്നത് പുലികളെ കുറിച്ചാണ് .ഈ നാട്ടുപുലികൾ ഏതായാലും അക്രമകാരികളല്ല .പക്ഷെ ക്രമത്തിൽ ചുവടുവച്ചു ചെണ്ടമേളത്തിൽ തലയാട്ടി കുംഭകുലുക്കിയാണ് അവരുടെ വരവ് . കേരളത്തിൽ ആരൊക്കെ പുലിവേഷം കെട്ടിയാലും സമ്മതിക്കാതെ ഒരു നാട്ടുകാരുണ്ട് ,അത് നമ്മുടെ തൃശ്ശൂരിലെ ജനങ്ങളാണ് .അതൊരു കഥയാണ് ,നൂറ്റാണ്ടുകളുടെ ഓർമ്മ പുതുക്കുന്ന കഥ.

രാജഭരണകാലത്താണ് ശക്തൻ തമ്പുരാൻറെ നിർദേശപ്രകാരം അന്നത്തെ രാജഭടന്മാർ ഓണക്കാലത്തു പുലി വേഷം കെട്ടിയാടി രസിപ്പിച്ചുവെന്നാണ് പഴമക്കാരുടെ ഓർമ്മ.പുലികളിക്കു കടുവകളി എന്നും പേരുണ്ട് .മുഖത്തും ദേഹത്തും പഴച്ചാറുകളും ഇലച്ചാറുകളും കരിയും തേച്ചുപിടിപ്പിച്ചുള്ള പുലികളാണ് അന്ന് ആടി തിമിർത്തത് . വീരനായ വേട്ടക്കാരനും പുലികളും ചെണ്ടമേളത്തോടെ ചുവടുവച്ചു കളിക്കുകയായിരുന്നു. ചാടി വീണ് വേട്ടക്കാരനെ പേടിപ്പിക്കാൻ നോക്കുമ്പോൾ മേളം മുറുകും .വേട്ടക്കാരൻ പുലിക്ക് നേരെ തോക്കുപിടിച്ചു ചാടിയാലും മേളം മുറുകും .കാണികളെ രസിപ്പിക്കാനുള്ള സകല പൊടികൈകളും പുലികളും വേട്ടക്കാരനും എടുക്കുന്നതോടെ പുലികളി കൊഴുക്കും

.

തൃശ്ശൂരിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലും ഒരു കാലത്തു പുലികളി സംഘങ്ങൾ ഉണ്ടായിരുന്നു .വേഷം അണിയിക്കാനും ചായം തേക്കാനും എല്ലാം പരസ്പരം സഹായിച്ചുള്ള പുലികളി ഒരു അനുഷ്ട്ടാനം പോലെ കൊണ്ടുനടന്ന ചില പ്രദേശ വാസികളും ചില സമുദായങ്ങൾ പോലും ഉണ്ടായി .സാധാരണക്കാരന്റെ തനതു കലാവാസനകൾ കൊണ്ടുമാത്രം വളർന്നുവന്ന കലയാണ് യഥാർത്ഥത്തിൽ പുലികളിയെന്നു പുലികളി സംഘാംഗങ്ങളായ തൃശിവ പുലികളി സംഘം സാക്ഷ്യപ്പെടുത്തുന്നു .

കാലം മാറി പുലികളി മാറി ,പുലിയുടെ കോലവും മാറി.ചായക്കൂട്ടുകൾ ഇലച്ചാറിൽ നിന്നും എണ്ണച്ചായത്തിൽ നിന്നും പഴച്ചാറിൽനിന്നും ആധുനികമായ കളറുകളിലേക്കും മാറി .ചായം തേക്കുന്നവർ ഇപ്പോൾ തികഞ്ഞ പ്രൊഫഷണൽ മേക്കപ്പ്മാൻമാരാണ്.മണിക്കൂറുകളോളം ചായംതേക്കാൻ ഇരുന്നു കൊടുത്തെ പറ്റൂ .ആകെയുള്ള ഒരു വ്യത്യാസം പുലികളുടെ തികഞ്ഞ രൗദ്ര ഭാവം നിറയുന്ന മുഖം മൂടികൾ ഇന്ന് രംഗം കയ്യടക്കി കഴിഞ്ഞു.

നല്ല കുടവയറുള്ള തടിച്ച ശരീരമുള്ളവരെ കാണുമ്പോൾ പുലികളി സംഘക്കാർക്കു പെരുത്തു സന്തോഷമാണ്.വയറിലാണ് പുലിയുടെ സകല ഭാവങ്ങളും തുടുത്തുനിറയുന്നത് .നെഞ്ചുംവയറും ചേർന്ന് പുലിയുടെ വിവിധ രൂപങ്ങൾ അങ്ങനെ ചമയം തേക്കുന്നതോടെ ദാ …മേളം മുറുകുകയായി. ഇന്നിതാ കുട്ടിപ്പുലികളും രംഗം കയ്യടക്കികഴിഞ്ഞു . നാലാം ഓണ നാളിൽ പുലിയിറങ്ങാൻ സമയമായി .ഓണത്തിന്റെ അവസാന നാളുകളിലെ എല്ലാ ആവേശവും ഉൾകൊള്ളാൻ തൃശ്ശൂരിലിറങ്ങുന്ന പുലികളി സംഘങ്ങൾ ഓരോ ജില്ലയിലും തുടർന്ന് അവരുടെ യാത്ര തുടങ്ങുകയായി .

674 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close