റാഞ്ചി: അഴിമതിയ്ക്കും ഭീകരതയ്ക്കും എതിരെ ശക്തമായി പോരാടാനും രാജ്യത്തിന്റെ വികസനത്തിനായി പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിയ്ക്കുവാനും അധികാരത്തിലേറി കേവലം 100ദിനങ്ങള്‍ക്കുള്ളില്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജാര്‍ഖണ്ഡിലെ വികസനത്തിനായുള്ള പുതിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ സംരക്ഷണ പദ്ധതിയായ ആയുഷ്മാന്‍ ഭാരത്, വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കുമുള്ള പെന്ഷന് പദ്ധതി, ദരിദ്രര്‍ക്കും ആദിവാസികള്‍ക്കും പ്രയോജനകരമായ പദ്ധതികള്‍ എന്നിവയുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്‍വഹിച്ചത്.
മുസ്ലിം സഹോദരിമാരുടെ അവകാശങ്ങള്‍ നേടിയെടുക്കുമെന്നും ഭീകരതയെ വേരോടെ പിഴുത്തെറിയുമെന്നും ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞ ചെയ്തിരുന്നു. മുത്വലാഖ് നിരോധിച്ചു മുസ്ലീം സഹോദരിമാരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞു. അഴിമതി തടയുന്നതിന്റെ ഭാഗമായി ചില അഴിമതിക്കാരെ ഇതിനകം ജയിലിടച്ചു. നിയമത്തിന് അതീതരാണെന്ന് കരുതിയവര്‍ക്ക് ഇപ്പോള്‍ ജാമ്യത്തിനായി കോടതി കയറി ഇറങ്ങേണ്ട അവസ്ഥയാണ്. പുതുതായി രൂപംകൊണ്ട ജമ്മു കശ്മീരിലും ലഡാക്കിലും വികസനം കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. അതിനായുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ചുവെന്നും നരേന്ദ്രമോദി പറഞ്ഞു.
ജാര്‍ഖണ്ഡിലെ വികസനത്തിനായി നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പുതുതായി ഉദ്ഘാടനം നിര്‍വഹിച്ച മള്‍ട്ടി മോഡല്‍ കാര്‍ഗോ ടെര്‍മിനല്‍ ഗതാഗതം സുഗമമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതുതായി നിര്‍മ്മിച്ച ജാര്‍ഖണ്ഡ് നിയമസഭയുടെ ഉദ്ഘാടനവും സെക്രട്ടറിയേറ്റിന്റെ തറക്കല്ലിടിലും പ്രധാനമന്ത്രി നിര്‍വഹിച്ചിരുന്നു.